Connect with us

Editorial

വീട്ടമ്മമാരുടെ അധ്വാനമൂല്യം നിസ്സീമം

Published

|

Last Updated

വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ മക്കള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കേസില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയത്തിലേക്കാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശ്രദ്ധ ക്ഷണിച്ചത്. സ്ത്രീകളുടെ വീട്ടുജോലിയെ ഒരിക്കലും വിലകുറച്ചു കാണരുത്. ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തേക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലി. വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന സേവനത്തിനും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയേറെ പ്രയാസകരമാണെങ്കിലും അപ്പേരില്‍ ആ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്ന് ജസ്റ്റിസ് രമണ, ജസ്റ്റിസ് അബ്ദുന്നസീര്‍, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ച് ഉണര്‍ത്തി. വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം വാഹനാപകട കേസിലും സമാന കാര്യങ്ങളിലും കോടതികള്‍ അവരുടെ സാങ്കല്‍പ്പിക വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം വരും വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം. 5.79 ദശലക്ഷം മാത്രമാണ് വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍. 299 മിനുട്ടാണ് കൂലിയൊന്നുമില്ലാതെ, കുടുംബത്തിലെ മറ്റുള്ളവര്‍ക്കു വേണ്ടി ഒരു വീട്ടമ്മ ചെലവിടുന്നത്. അതേസമയം, പുരുഷന്മാര്‍ ചെലവിടുന്നത് 97 മിനുട്ട് മാത്രമാണന്നും നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ഇന്ത്യയിലെ സമയത്തിന്റെ ഉപയോഗം 2019 എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ജസ്റ്റിസ് രമണ പറഞ്ഞു. ഭക്ഷണം പാകം ചെയ്യല്‍, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങല്‍, വീടും വസ്ത്രവും വൃത്തിയാക്കല്‍, വീടും ചുറ്റുവട്ടവും പരിപാലിക്കലും അലങ്കരിക്കലും, വീടുമായി ബന്ധപ്പെട്ട ചെറിയ അറ്റകുറ്റപ്പണികള്‍, കുട്ടികളെ വളര്‍ത്തല്‍, പ്രായമായവരെ പരിപാലിക്കല്‍ തുടങ്ങി വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികള്‍ നിരവധിയാണ്. എന്നിട്ടും അവര്‍ ജോലി ചെയ്യുന്നില്ലെന്നും കുടുംബത്തിന്റെ സാമ്പത്തിക മൂല്യം ഉയര്‍ത്തുന്നില്ലെന്നുമാണ് കാലങ്ങളായുള്ള സങ്കല്‍പ്പം. അത് തിരുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് രമണ ഉണര്‍ത്തി.
വീട്ടമ്മമാരുടെ ജോലിക്ക് കുടുംബനാഥനോ സമൂഹമോ പരിഗണന നല്‍കാത്തതിനെതിരെ മറ്റൊരു വാഹനാപകടക്കേസില്‍ ബോംബെ ഹൈക്കോടതിയും പ്രതികരിച്ചിരുന്നു. സമയം നോക്കാതെ, ഒറ്റ ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നവരാണ് വീട്ടമ്മമാര്‍. മാസശമ്പളം കിട്ടുന്നില്ലെന്നതിനാല്‍ അവരുടെ അധ്വാനത്തെ ജോലിയായി ആരും പരിഗണിക്കാറില്ലെന്ന് കഴിഞ്ഞ സെപ്തംബറില്‍ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബഞ്ചാണ് അഭിപ്രായപ്പെട്ടത്. ഒരു വീട്ടമ്മ നല്‍കുന്ന സേവനങ്ങളും കുടുംബത്തിന് അവര്‍ നല്‍കുന്ന സംഭാവനകളും പൂര്‍ണമായി കണക്കാക്കാനാകില്ലെന്നും ഏറെ വിലപ്പെട്ടതാണ് കുടുംബത്തില്‍ വീട്ടമ്മയുടെ സ്ഥാനമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കിലോര്‍ ചൂണ്ടിക്കാട്ടി.
ആരാണ് വീട്ടമ്മ? അതിനൊരു വ്യക്തമായ നിര്‍വചനമില്ല. അതെപ്പോഴും ഭാര്യയായിരിക്കണമെന്നില്ല. മാതാവ്, സഹോദരി, പെണ്‍മക്കള്‍ എന്നിങ്ങനെ പലരുമാകാം. ആരായാലും വീടിന് പുറത്തുപോയി പുരുഷന്മാര്‍ ചെയ്യുന്ന ജോലികളേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നു വീട്ടിലും പരിസരത്തുമായി വീട്ടമ്മമാര്‍. ഫാക്ടറികളിലെയും ഓഫീസുകളിലെയും ജോലി ആറോ ഏഴോ മണിക്കൂറാണെങ്കില്‍ വീട്ടമ്മമാരുടെ ജോലിക്ക് സമയ പരിധിയില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും താത്പര്യങ്ങള്‍ മാനിച്ച്, ആരുടെയും മുഖം വീര്‍ക്കാന്‍ അവസരം സൃഷ്ടിക്കാതെ, കൈയും കാലും കണ്ണും കാതും നിരന്തരം അധ്വാനിക്കേണ്ടി വരുന്നതുകൊണ്ട് ഒരു മാപിനിയിലും അളക്കാന്‍ കഴിയാത്തതാണ് ഇവരുടെ ജോലി. അടിമയുടെ സ്ഥാനമാണ് ചില കുടുംബങ്ങളില്‍ വീട്ടമ്മക്ക്. അടിമച്ചങ്ങല അണിയിക്കുന്നില്ലെങ്കിലും ഭര്‍ത്താവ,് കുട്ടികള്‍, ബന്ധങ്ങള്‍, സമൂഹം എല്ലാം ചേര്‍ന്ന് അവര്‍ക്ക് വിലങ്ങ് തീര്‍ക്കുന്നു. വീട്ടുജോലികള്‍ സമയബന്ധിതമായി നിര്‍വഹിച്ചില്ലെങ്കില്‍ ശകാരവും ചിലപ്പോള്‍ മര്‍ദനവും ഏല്‍ക്കേണ്ടിവരും. മുന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരാതിന്റെ ഭാഷയില്‍, “എല്ലാ വീട്ടമ്മമാരും മുഴുസമയ തൊഴിലാളികളാണ്. ഇടവേളകളില്ലാതെ വിവിധ ജോലികളില്‍ പൂര്‍ണസമയം വ്യാപൃതമായിരിക്കുന്ന ഇവരുടെ ജീവിതം ദുസ്സഹമാണ്. പനി ബാധിച്ചാലും മഴ പെയ്താലും വെള്ളപ്പൊക്കം വന്നാലും വരള്‍ച്ച വന്നാലും വിശ്രമമില്ല. വീട്ടുകാര്‍ പട്ടിണിയിലാകാതിരിക്കാന്‍ എല്ലാം സഹിച്ചും ക്ഷമിച്ചും അവര്‍ ജോലികള്‍ തീര്‍ക്കുന്നു. കാനേഷുമാരി കണക്കുകളില്‍ ഇവരുടെ ജോലി സ്ഥലം പിടിക്കുന്നില്ല. വീട്ടമ്മയെ തൊഴില്‍രഹിതയായാണ് അടയാളപ്പെടുത്തുന്നത്. ഈ അവസ്ഥ മാറണം. തങ്ങളുടെ അധ്വാനത്തിന്റെ അംഗീകാരം അവര്‍ക്ക് ലഭിച്ചേ തീരൂ”- 2013ല്‍ ട്രൈബ്യൂണ്‍ പത്രവുമായുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

വീട്ടമ്മക്ക് വേതനം നിശ്ചയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട് അടുത്ത കാലത്തായി. 2013 സെപ്തംബര്‍ 17, 18 തീയതികളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് വിളിച്ചു ചേര്‍ത്ത സംസ്ഥാനതല മന്ത്രിമാരുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ വേതനത്തേക്കാളേറെ അംഗീകാരവും ആദരവുമാണ് വീട്ടമ്മമാര്‍ക്കാവശ്യം. ബന്ധങ്ങളുടെ വൈകാരിക ഇഴയടുപ്പമാണ് വേതനത്തേക്കാള്‍ അവരെ കൂടുതല്‍ സംതൃപ്തരാക്കുന്നത്. സുരക്ഷയും സ്‌നേഹവും പാരസ്പര്യവുമാണ് മറ്റെന്തിനേക്കാളും അവര്‍ ആഗ്രഹിക്കുന്നത്. താന്‍ പുറത്തുപോയി ചെയ്യുന്ന ജോലിയോളം തന്നെ, ഒരുപക്ഷേ അതിനേക്കാള്‍ വിലപ്പെട്ടതാണ് തന്റെ ഭാര്യ അടുക്കളയില്‍ നിര്‍വഹിക്കുന്നതെന്ന് സമ്മതിക്കാനുള്ള സന്മനസ്സും അവരുടെ സേവനത്തെ പ്രശംസിക്കാനുള്ള ഹൃദയവിശാലതയും ഗൃഹനാഥന്‍ കാണിക്കണം. ഒരു വ്യക്തിയെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണ് ഭരണഘടന നല്‍കിയത്. കുടുംബത്തിനുള്ളിലും ഇത് പുലര്‍ന്നു കാണണം.
സ്ത്രീകള്‍ വീട്ടുജോലികള്‍ ഭംഗിയായി ചെയ്യുന്നത് കൊണ്ടാണ് പുരുഷന്മാര്‍ക്ക് ആധികളില്ലാതെ ജോലിക്ക് പോകാനും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കുന്നത്. അനിവാര്യമായും സമൂഹത്തിലും കുടുംബനാഥരിലും ഉണ്ടാകേണ്ട ഈ ബോധ്യത്തിലേക്കും തിരിച്ചറിവിലേക്കുമുള്ള ഒരു ഉണര്‍ത്തല്‍ കൂടിയുണ്ട് സുപ്രീം കോടതിയുടെയും ബോംബെ കോടതിയുടെയും മേല്‍നിരീക്ഷണങ്ങളില്‍.

Latest