വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Posted on: January 9, 2021 6:25 am | Last updated: January 9, 2021 at 9:52 am

കൊച്ചി/ തിരുവനന്തപുരം | കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ പാലവും ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും.

ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്. പാലങ്ങള്‍ തുറക്കുന്നതോടെ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക.