Connect with us

Kerala

അടച്ചിട്ട തിയേറ്ററിന് അഞ്ച് ലക്ഷം രൂപയുടെ വൈദ്യുതി ബിൽ എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ എസ് ഇ ബി

Published

|

Last Updated


തിരുവനന്തപുരം | ലോക്ക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ ചുമത്തി എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. കോട്ടയം പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ  ജിജിമോൻ ജോസഫ് നടത്തിയ വാർത്താ സമ്മേളനത്തിലെ ആരോപണമായിരുന്നു ഇക്കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളിൽ വാർത്തയായത്. മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന തന്റെ തിയറ്ററിന് കെ എസ് ഇ ബി അന്യായമായി അതിഭീമമായ ബിൽ ചുമത്തി എന്നായിരുന്നു ആരോപണം.

ജിജിമോൻ ജോസഫ്, അഞ്ചാനി സിനിമാസ്, പള്ളിയ്ക്കത്തോട് എന്ന പേരിൽ 1157073012958 എന്ന കൺസ്യൂമർ നമ്പരിൽ സിനിമാ തീയറ്ററിനായി LT 7C താരിഫിൽ 99 KVA കോൺട്രാക്ട് ഡിമാന്റ് വച്ച് പള്ളിയ്ക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് മേൽപ്പറഞ്ഞ കണക്ഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തെ വൈദ്യുതി ഉപയോഗത്തിന് മാർച്ച് രണ്ടിന് നൽകിയ 1,52,998 രൂപയുടെ ബിൽ ഉൾപ്പെടെ നാളിതുവരെ അദ്ദേഹം വൈദ്യുതി ബിൽ തുക അടച്ചിട്ടില്ല. അതിനു ശേഷവും പ്രതിമാസം ശരാശരി 2,000 യൂണിറ്റ് ഉപയോഗം ഉണ്ടായതായും ശരാശരി 35,000 രൂപ പ്രതിമാസ ബിൽ വന്നതായും കാണുന്നുണ്ട്. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉപകരണങ്ങൾ എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും പ്രവർത്തിപ്പിച്ചില്ലെങ്കിൽ തകരാറിലായിപ്പോകും എന്നായിരുന്നു പ്രതികരണം.

ലോക്ക്ഡൗൺ കാലത്ത് കെ എസ് ഇ ബി ഇളവായി നൽകിയ ഫിക്സഡ് ചാർജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബർ മാസത്തെ ഉപയോഗം ഉൾപ്പെടെ 5,55,110 രൂപ ഈ ഉപഭോക്താവിന് കുടിശ്ശികയായി നിലവിലുണ്ട്. ഇതിൽ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പുള്ള കുടിശ്ശികയും ഉൾപ്പെടും.

വൈദ്യുതി ബിൽ കുടിശിക സംബന്ധിച്ച് പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ഓഫീസുമായി ബന്ധപ്പെടാനോ കുടിശ്ശിക തുക തവണകളായെങ്കിലും അടയ്ക്കുവാനോ തയ്യാറായിട്ടില്ല. അതെത്തുടർന്നാണ് ജനുവരി ഒന്നിന് 5,21,505 രൂപയുടെ വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകിയിട്ടുള്ളത്. അസത്യങ്ങളും അർദ്ധ സത്യങ്ങളും പറഞ്ഞ് സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം തികച്ചും ഖേദകരമാണെന്നും കെ എസ് ഇ ബി അറിയിച്ചു.