Connect with us

Socialist

'പരസഹായമില്ലാതെ എങ്ങനെ പ്രസവിക്കാനാകും? നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ സംശയങ്ങള്‍ നിരവധി'

Published

|

Last Updated

ഹെഡ്‌സെറ്റിന്റെ വയര്‍ കഴുത്തില്‍ മുറുക്കി നവജാത ശിശുവിനെ മാതാവ് കൊന്ന സംഭവത്തില്‍ നിരവധി സംശയങ്ങള്‍ ബാക്കിയാണെന്ന് എഴുത്തുകാരി ഡോ.ഷിംന അസീസ്. ആരുടെയും സഹായമില്ലാതെ തനിച്ച് പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കുമെന്ന് അവര്‍ ചോദിച്ചു.

ഒരു ഗര്‍ഭകാലം മുഴുവന്‍ ജീവിതപങ്കാളിയോട് വരെ രഹസ്യമാക്കി വെക്കുക പ്രായോഗികമാണെന്ന് തോന്നുന്നില്ല. ബ്ലീഡിംഗ് കാരണം ആശുപത്രിയില്‍ എത്തിച്ചപ്പഴാണ് ഗര്‍ഭിണിയായിരുന്നെന്ന് രണ്ട് വീട്ടുകാരും ഭര്‍ത്താവും അറിയുന്നത് എന്നാണ് റിപ്പോര്‍ട്ട്! വയറ് വലുതായിരുന്നത് ആദ്യപ്രസവത്തിലെ വയറ് ചുരുങ്ങാത്തതാണ്, ഗ്യാസാണ് എന്നൊക്കെ ഇവര്‍ പറഞ്ഞിരുന്നത്രേ. പ്രസവം നടക്കുന്ന സമയം വരെ ഇവര്‍ തൊട്ടടുത്തൊരു മരണവീട്ടില്‍ ആയിരുന്നു എന്ന് പറയുന്നു. എന്നിട്ട് വീട്ടില്‍ വന്ന് ആരുടെയും സഹായമില്ലാതെ തനിച്ച് പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കുമെന്ന് അവര്‍ ചോദിച്ചു.

സംഗതി നാട്ടിന്‍പുറത്തൊക്കെ “പേറ്റുചന്നി” എന്ന് വിളിക്കുന്ന ഗര്‍ഭകാലത്തെ കടുത്ത ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനോ അതിന്റെ തന്നെ കൂടിയ രൂപമായ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസോ ഒക്കെയാവാം. ഒരുപക്ഷേ, അമ്മയില്‍ ഒളിഞ്ഞിരുന്ന കുറ്റവാസനയുമാവാം. കൂടുതല്‍ അന്വേഷണങ്ങള്‍ അതിന്റെ മുറക്ക് നടക്കട്ടെയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

നവജാതശിശുവിനെ അമ്മ ഹെഡ്‌സെറ്റിന്റെ വയർ കഴുത്തിൽ മുറുക്കി കൊന്നു, മൃതശരീരം കട്ടിലിനടിയിൽ ഒളിപ്പിച്ചു. മുതിർന്ന കുട്ടിക്ക്‌ ഒരു വയസ്സും രണ്ട്‌ മാസവും മാത്രമേ ആയിട്ടുള്ളൂ എന്ന നാണക്കേടാണ്‌ കാരണമെന്ന്‌ വാർത്ത.

 

സംഗതി നാട്ടിൻപുറത്തൊക്കെ “പേറ്റുചന്നി” എന്ന്‌ വിളിക്കുന്ന ഗർഭകാലത്തെ കടുത്ത ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന പോസ്‌റ്റ്‌പാർട്ടം ഡിപ്രഷനോ അതിന്റെ തന്നെ കൂടിയ രൂപമായ പോസ്‌റ്റ്‌പാർട്ടം സൈക്കോസിസോ ഒക്കെയാവാം. ഒരുപക്ഷേ, അമ്മയിൽ ഒളിഞ്ഞിരുന്ന കുറ്റവാസനയുമാവാം. കൂടുതൽ അന്വേഷണങ്ങൾ അതിന്റെ മുറക്ക്‌ നടക്കട്ടെ.

 

പക്ഷേ, വാർത്തയുടെ ബാക്കിയാണ്‌ വിശ്വസിക്കാൻ കഴിയാത്തത്‌. ബ്ലീഡിംഗ്‌ കാരണം ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പഴാണ്‌ അവർ ഗർഭിണിയായിരുന്നെന്ന്‌ രണ്ട്‌ വീട്ടുകാരും ഭർത്താവും അറിയുന്നത്‌ എന്നാണ്‌ റിപ്പോർട്ട് !! വയറ്‌ വലുതായിരുന്നത്‌ ആദ്യപ്രസവത്തിലെ വയറ്‌ ചുരുങ്ങാത്തതാണ്‌, ഗ്യാസാണ്‌ എന്നൊക്കെ ഇവർ പറഞ്ഞിരുന്നത്രേ. പ്രസവം നടക്കുന്ന സമയം വരെ ഇവർ തൊട്ടടുത്തൊരു മരണവീട്ടിൽ ആയിരുന്നു എന്ന്‌ പറയുന്നു. എന്നിട്ട്‌ വീട്ടിൽ വന്ന്‌ ആരുടെയും സഹായമില്ലാതെ തനിച്ച്‌ പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കും? ഒരു ഗർഭകാലം മുഴുവൻ ജീവിതപങ്കാളിയോട്‌ വരെ രഹസ്യമാക്കി വെക്കുക പ്രായോഗികമെന്ന്‌ തോന്നുന്നില്ല.

 

വേറൊരു നവജാതശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടതും വിരലിലെണ്ണാവുന്ന ദിവസങ്ങൾക്ക്‌ മുൻപാണ്‌. ആ കുഞ്ഞ്‌ മരണപ്പെട്ടു. പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോൾ ആ കുഞ്ഞിന്റെ വയറ്റിൽ മുലപ്പാലിന്റെ അംശം പോലുമില്ലായിരുന്നു, കരിയിലയുടെ അവശിഷ്‌ടങ്ങൾ കിട്ടി എന്നൊക്കെ വായിച്ചു.

പതിനാല്‌ വയസ്സുള്ള മകനെ ലൈംഗികമായി ഉപയോഗിക്കുന്ന അമ്മ, കുഞ്ഞിനെ പാറക്കല്ലിൽ ആവർത്തിച്ച്‌ എറിഞ്ഞ്‌ മരണമുറപ്പാക്കി കൊല്ലാൻ വേണ്ടി കൊല്ലുന്ന അമ്മ…

 

“അമ്മ” എന്ന വാക്കിന്റെ ഗ്ലോറിഫിക്കേഷനിൽ ഒട്ടും തന്നെ വിശ്വസിക്കുന്നില്ല. പക്ഷേ, ഒന്നറിയാം. എന്റെ ഉദരത്തിൽ നിന്നിറങ്ങി വന്ന പൊന്നുമക്കളുടെ മേൽ ഒരു മുള്ള്‌ കുത്തിയാൽ അവരേക്കാൾ നോവുന്നത്‌ എനിക്കാണെന്ന്‌. എല്ലാവർക്കും അങ്ങനെയൊക്കെ തന്നെയായിരിക്കും എന്നാണ്‌ ഇത്രയും കാലം വിചാരിച്ചിരുന്നതും.

 

ഇതിപ്പോ…

കുത്തിനോവിക്കുന്ന വാർത്തകൾ ചിലതെല്ലാം തിരുത്തിയെഴുതുകയല്ല, നെഞ്ചിലെ കല്ലിൽ കൊത്തിപ്പറിച്ച്‌ വെക്കുകയാണ്‌.