കൊവിഡ് വാക്‌സിനുകള്‍ ഇന്നോ നാളെയോ വിവിധ കേന്ദ്രങ്ങളിലെത്തും; വിതരണം പൂനെ കേന്ദ്രീകരിച്ച്

Posted on: January 7, 2021 4:47 pm | Last updated: January 7, 2021 at 6:01 pm

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെയോ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്സിനുകള്‍ എത്തിക്കുന്നതിനായി യാത്രാവിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. പൂനെ കേന്ദ്രീകരിച്ചായിരിക്കും വാക്സിന്‍ വിതരണം ചെയ്യുക. രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്കുള്ള വാക്സിനുകള്‍ ഇവിടെ നിന്നാണ് എത്തുക. ഉത്തരേന്ത്യയില്‍ ഡല്‍ഹിയും കര്‍ണാലും മിനി ഹബ്ബുകളാക്കും. കിഴക്കന്‍ മേഖലയില്‍ കൊല്‍ക്കത്തയാകും പ്രധാന വിതരണ കേന്ദ്രം. വടക്കു കിഴക്കന്‍ മേഖലയുടെ നോഡല്‍ പോയിന്റ് ഇതായിരിക്കും. ചെന്നൈയും ഹൈദരാബാദുമായിരിക്കും ദക്ഷിണേന്ത്യയിലെ പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍.

യു പിയിലും ഹരിയാനയിലുമൊഴികെ മറ്റെല്ലാ ജില്ലകളിലും നാളെ കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടത്തും. യു പിയില്‍ ജനുവരി അഞ്ചിന് ഉത്തര്‍പ്രദേശിലുടനീളം ഡ്രൈ റണ്‍ നടത്തിയിരുന്നു. ഹരിയാനയില്‍ ഇന്നും നടക്കുന്നുണ്ട്. ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ മറ്റു തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാകും ഡ്രൈ റണ്‍ നടത്തുക. ജനുവരി രണ്ടിന് 125 ജില്ലകളിലായി 286 കേന്ദ്രങ്ങളിലാണ് രാജ്യത്ത് ആദ്യ ഘട്ട ഡ്രൈ റണ്‍ നടന്നത്.

1.7 ലക്ഷത്തോളം വാക്സിനേറ്റര്‍മാര്‍ക്കും മൂന്ന് ലക്ഷം വാക്സിനേഷന്‍ ടീം അംഗങ്ങള്‍ക്കും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പിന്തുടരേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.