Connect with us

Editorial

അറബ് ലോകത്ത് മഞ്ഞുരുക്കം

Published

|

Last Updated

അകല്‍ച്ചയുടെ കാര്‍മേഘങ്ങള്‍ നീങ്ങി, തെളിഞ്ഞ അന്തരീക്ഷം കൈവന്നിരിക്കുകയാണ് “അല്‍ഉല” ജി സി സി ഉച്ചകോടിയോടെ അറബ് ലോകത്ത്. ആറംഗ രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഐക്യവും കെട്ടുറപ്പും ശക്തമാക്കാനുമുള്ള ധാരണയിലാണ് സഊദിയിലെ അല്‍ഉലയില്‍ ചൊവ്വാഴ്ച കൂടിയ 41ാമത് ഗള്‍ഫ് രാഷ്ട്ര കൗണ്‍സില്‍ പിരിഞ്ഞത്. ഖത്വറിനെതിരെ നാല് ജി സി സി രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ചതും മൂന്നര വര്‍ഷത്തോളമായി തുടര്‍ന്നുവരുന്നതുമായ ഉപരോധം പിന്‍വലിക്കുകയും കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നു കൊടുക്കുകയും ചെയ്തു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്്മദ് അല്‍ജാബിര്‍ അല്‍സബാഹ്, യു എ ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്്മൂദ് അല്‍സൈദ്, ജി സി സി സെക്രട്ടറി ജനറല്‍ നായിഫ് ഫഹദ് മുബാറക് അല്‍ഹജ്‌റാഫ് എന്നിവര്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന കരാറില്‍ ഒപ്പ് വെക്കുകയുണ്ടായി.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഖത്വറിനെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിന് ചൂണ്ടിക്കാണിക്കപ്പെട്ട കാരണം. മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നു, തുര്‍ക്കിയുമായി സൈനികതലത്തില്‍ സഹകരിക്കുന്നു, അല്‍ജസീറ ചാനല്‍ അമേരിക്കന്‍ ചാരസംഘടനക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. ഉപരോധം അവസാനിപ്പിക്കാനും ഭിന്നത പരിഹരിക്കാനും അന്നു തൊട്ടേ കുവൈത്തും അടുത്ത കാലത്തായി യു എസും ശ്രമം നടത്തിവരികയായിരുന്നു. കുവൈത്ത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് ഉപരോധം പിന്‍വലിക്കാന്‍ തീരുമാനമായത്.

ഐക്യം പുനഃസ്ഥാപിക്കുന്നതില്‍ അമേരിക്കയും പങ്ക് വഹിച്ചിട്ടുണ്ട്. ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേശകനുമായ കുഷ്‌നെര്‍ ജി സി സി രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. അറബ് ലോകത്തെ ഐക്യം പുലര്‍ന്നു കാണുകയെന്നതിലുപരി അമേരിക്കയുടെയും ട്രംപിന്റെയും ചില നിക്ഷിപ്ത താത്പര്യങ്ങളായിരുന്നു ഇതിനു പിന്നില്‍. ഖത്വര്‍ ഉപരോധം മൂലം അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ കാണിച്ച് ട്രംപിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം നടത്തിവന്ന സാഹചര്യത്തില്‍ ഈ ആരോപണത്തെ മറികടക്കാനും അറബ് ഐക്യം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ നേട്ടമായി ചൂണ്ടിക്കാണിക്കാനുമായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്വര്‍- സഊദി ഭിന്നത ഇറാനെതിരെ ഉയര്‍ന്നുവന്ന അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അത് ഇറാന് ഗുണകരമായി ഭവിക്കുമെന്നും ആശങ്കയുമുണ്ടായിരുന്നു ട്രംപിന്. ഉപരോധത്തെ തുടര്‍ന്ന് ഖത്വര്‍ വിമാനങ്ങള്‍ മുഴുവന്‍ ഇറാന്‍ വ്യോമപാത വഴിയാണ് സഞ്ചരിച്ചിരുന്നത്. ഇത് ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നു. ഇതും അമേരിക്കന്‍ ഇടപെടലിന് കാരണമായി.

തുടക്കത്തില്‍ കടുത്ത ഉപാധികളാണ് ഉപരോധം നീക്കുന്നതിന് സഊദിയും സഖ്യ രാഷ്ട്രങ്ങളും മുന്‍വെച്ചത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്വര്‍ പരിമിതപ്പെടുത്തുക, ഇറാന്‍ റെവല്യൂഷനറി ഗാർഡ് അംഗങ്ങളെ പുറത്താക്കുക, അല്‍ജസീറ ചാനല്‍ സംപ്രേഷണം നിര്‍ത്തുക, തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുക, മുസ്‌ലിം ബ്രദര്‍ഹുഡ്, ഹിസ്ബുല്ല, അല്‍ഖാഇദ, ഐ എസ് തുടങ്ങിയ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്വറിന്റെ നയങ്ങള്‍ മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു മധ്യസ്ഥനായ കുവൈത്ത് അമീറിന് സമര്‍പ്പിച്ച ആവശ്യങ്ങളുടെ പട്ടികയെന്ന് റോയിട്ടേഴ്‌സ്, എ പി ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. കുവൈത്തും അമേരിക്കയും നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അവരുടെ നിലപാടില്‍ അയവുവന്നത്.

2017ലെ ഉപരോധ പ്രഖ്യാപനത്തിനു ശേഷമുള്ള മൂന്നാമത്തെ ജി സി സി ഉച്ചകോടിയാണ് അല്‍ഉലയില്‍ ചൊവ്വാഴ്ച നടന്നത്. മറ്റു രണ്ടെണ്ണത്തിലും ഖത്വര്‍ പങ്കെടുത്തിരുന്നില്ല. ഉപരോധം അവസാനിച്ചുവെങ്കിലും ഇതിലേക്ക് നയിച്ച വിഷയങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഗള്‍ഫ് ഐക്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും സുസ്ഥിരതക്കും ക്ഷേമത്തിനുമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന യു എ ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശിന്റെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തീവ്രവാദ സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള സമീപനം ഇതിലൊരു മുഖ്യ വിഷയമാണ്. ഈ സംഘടനക്ക് ഈജിപ്ത് ഉള്‍പ്പെടെ പല അറബ് രാഷ്ട്രങ്ങളിലെയും ആഭ്യന്തര കലാപങ്ങളിലും രക്തച്ചൊരിച്ചിലിലും പങ്കുണ്ട്. ബ്രദര്‍ഹുഡിന്റെ ചിന്തകളും രചനകളുമാണ് സമീപ കാലത്തായി ഉദയം ചെയ്ത പല തീവ്രവാദ സംഘടനകളുടെയും ആശയാടിത്തറ. അറബ്‌ ലോകത്തിന്റെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണെന്ന് കണ്ട് പല അറബ് രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ സംഘടനയോട് ഖത്വറും അകല്‍ച്ച പാലിക്കണമെന്നാണ് സഊദി സഖ്യ രാഷ്ട്രങ്ങളുടെ ആവശ്യം. ഇക്കാര്യങ്ങളൊക്ക സൗഹൃദപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് അവരുടെ തീരുമാനം.

അറബ് രാഷ്ട്രങ്ങളുമായി അടുത്ത സൗഹൃദമാണ് ഇന്ത്യക്കുള്ളത്. പുനരൈക്യത്തിലൂടെ അറബ് ലോകം കൂടുതല്‍ സുസ്ഥിരതയും ക്ഷേമവും കൈവരിക്കുന്നത് ഇന്ത്യക്കും പ്രവാസികള്‍ക്ക് വിശേഷിച്ചും കൂടുതല്‍ ഗുണകരമാകുകയും നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ആഗോളതലത്തില്‍ ഇസ്‌ലാമിനെതിരെ നടക്കുന്ന കരുനീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----

Latest