വാളയാര്‍ പീഡനം; എസ് ഐക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: January 6, 2021 10:37 pm | Last updated: January 7, 2021 at 8:39 am

കൊച്ചി | വാളയാര്‍ പീഡന കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ എസ് ഐക്കും കേസ് കൈകാര്യം ചെയ്ത രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. കടുത്ത വിമര്‍ശനമാണ് ഉത്തരവില്‍ എസ് ഐക്കെതിരെ കോടതി നടത്തിയത്. കേസിന്റെ വിചാരണയില്‍ പാലക്കാട് പോക്‌സോ കോടതിക്കും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുത്. അതിനായി പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടത്. എന്നാല്‍, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വാദം. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിക്കും വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ വാദിച്ചു.