Connect with us

Gulf

അല്‍-ഉല ഉച്ചകോടി ചരിത്ര വിജയം; വികസന കുതിപ്പിനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

Published

|

Last Updated

ഉച്ചകോടിക്കെത്തിയ ഖത്വര്‍ അമീര്‍, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ അല്‍ ഉലയിലെ ചരിത്ര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

അല്‍-ഉല | അംഗരാജ്യങ്ങള്‍ക്കിടയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമാവുകയും, അടച്ചിട്ടിരുന്ന കര-വ്യോമ -നാവിക പാതകള്‍ തുറന്ന് അല്‍ ഉല ഐക്യദാര്‍ഢ്യ കരാറില്‍ ജി സി സി നേതാക്കള്‍ ഒപ്പുവക്കുകയും ചെയ്തതോടെ വികസന കുതിപ്പിനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍. അല്‍-ഉല ഉച്ചകോടി ചരിത്ര വിജയമാണെന്നാണ് ലോക രാജ്യങ്ങള്‍ വിശേഷിപ്പിച്ചത്. അറബ് ഗള്‍ഫ് രാജ്യങ്ങളിലെ പകര്‍ച്ചവ്യാധികള്‍ തടയല്‍, സാമ്പത്തിക ഐക്യം, പ്രതിരോധ സംവിധാനം, സംയുക്ത സുരക്ഷ, സി സി രാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യവും സൗഹൃദവും വര്‍ധിപ്പിക്കല്‍, രോഗ പ്രതിരോധത്തിലും രോഗ നിയന്ത്രണത്തിലും അന്താരാഷ്ട്ര രീതികള്‍ പ്രയോഗിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

ചരക്ക് ഗതാഗതം ഉടന്‍ ആരംഭിക്കും
ഖത്വറിലേക്കുള്ള ആവശ്യ സാധനങ്ങള്‍ നേരത്തെ സഊദി വഴിയായിരുന്നു എത്തിയിരുന്നത്. ഉപരോധം നീങ്ങുകയും ഭിന്നതകള്‍ പരിഹരിച്ച് ഖത്വറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കുകയും ചെയ്തതോടെ ചരക്ക് നീക്കം സാധാരണ നിലയിലാവും. ഇതിലൂടെ വന്‍ സാമ്പത്തിക കുതിപ്പാണ് അംഗ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. കര ഗതാഗതം പുനരാരംഭിക്കുന്നതോടെ സഊദി കിഴക്കന്‍ പ്രവിശ്യയിലേക്കും, മറ്റ് ജി സി സി രാജ്യങ്ങളിലേക്കും സല്‍വ അതിര്‍ത്തിവഴി ഖത്വറില്‍ നിന്നുള്ളവര്‍ക്ക് വളരെ വേഗം എത്തിച്ചേരാന്‍ കഴിയും. ഹജ്ജ്-ഉംറ നിര്‍വഹിക്കാനും കൂടുതല്‍ പേര്‍ എത്തുന്നത് പഴയ പ്രതാപത്തിലേക്ക് ഖത്വറിനെ ഉയര്‍ത്തും.

ഉച്ചകോടി ഉജ്ജ്വല വിജയമാക്കിയതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളുടെ നേതാക്കളെയും പ്രതിനിധികളെയും പ്രത്യേകം അഭിനന്ദിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ഐക്യം നിലനിര്‍ത്താനുള്ള കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ ശ്രമങ്ങളാണ് വിജയം കണ്ടെത്. ചര്‍ച്ചകള്‍ പൂര്‍ണ വിജയത്തിനരികെയെത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. തുര്‍ന്ന് ഭരണം ഏറ്റെടുത്ത അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോയി. ഉച്ചകോടിയുടെ മുന്നോടിയായി അതിര്‍ത്തികള്‍ തുറന്നത് ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുകയും ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൈകൊടുത്ത് സ്വീകരിക്കുന്ന ചടങ്ങുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഇരുകൈകളും നീട്ടി ആലിംഗനം ചെയ്ത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്വര്‍ അമീറിനെ സ്വീകരിച്ചതോടെ മൂന്നര വര്‍ഷക്കാലം ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന പ്രതിസന്ധിക്ക് തിരശ്ശീല വീഴുകയായിരുന്നു. സ്വീകരണ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. പ്രവാചക നഗരിയായ മദീനയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് കൂറ്റന്‍ മലകളാല്‍ വലയം ചെയ്ത അല്‍ ഉല നഗരി സ്ഥിതി ചെയ്യുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest