ആറുമാസത്തിലേറെ യുഎഇക്ക് പുറത്തുള്ള താമസക്കാര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങാമെന്ന് ഫ്‌ലൈ ദുബൈ

Posted on: January 6, 2021 12:29 am | Last updated: January 6, 2021 at 8:54 am

അബുദാബി  | ആറുമാസത്തിലേറെയായി രാജ്യത്തിന് പുറത്തുള്ള യുഎഇ നിവാസികള്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങാന്‍ അനുവാദമുണ്ടെന്ന് ഫ്‌ലൈ ദുബൈയും എയര്‍ ഇന്ത്യ എക്‌സ്പ്രസും വ്യക്തമാക്കി. നിങ്ങള്‍ യുഎഇ റസിഡന്റ് വിസ കൈവശം വക്കുകയും 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ 2021 മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ നിങ്ങളെ അനുവദിക്കും -ഫ്‌ലൈ ദുബൈ വെബ്‌സൈറ്റ് വിശദീകരിക്കുന്നു.180 ദിവസത്തില്‍ കൂടുതല്‍ യു എ ഇ ക്ക് പുറത്ത് താമസിച്ച യു എ ഇ വിസക്കാര്‍ക്ക് 2021 മാര്‍ച്ച് 31 നകം മടങ്ങിവരാം എന്ന് യു എ ഇ യില്‍ നിന്നുള്ള നിന്നുള്ള യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു.

എന്നാല്‍ അവര്‍ക്ക് സാധുവായ റസിഡന്റ് വിസയും ജിഡിആര്‍എഫ്എ, ഐ സി എ അംഗീകാരവും ഉണ്ടായിരിക്കണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദീകരിച്ചു. പോസ്റ്റില്‍ ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും മന്ത്രിയെയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും ടാഗ് ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യങ്ങളില്‍ മാസങ്ങളോളം കുടുങ്ങിക്കിടക്കുന്ന നിരവധി യുഎഇ നിവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത. ഡിസംബര്‍ 31 സമയപരിധി അവസാനിച്ചതിനുശേഷം നാട്ടില്‍ കുടുങ്ങിയ നിരവധി പേര് ആശങ്കയിലാണ്. അധികൃതര്‍ സമയപരിധി നീട്ടിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ലൈന്‍സിന് നല്‍കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് കോണ്‍സുലേറ്റില്‍ ലഭ്യമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

കോണ്‍സുലേറ്റ് ജനറലിനും ഇന്ത്യാ ഗവണ്‍മെന്റിനും വേണ്ടി, ദുബൈ അധികൃതര്‍ക്ക് ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു, ഇത് ഇപ്പോഴും നാട്ടിലേക്ക് കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യക്കാരെ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനോ യൂ എ ഇ ലെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ചേരാനോ സഹായിക്കും അദ്ദേഹം കൂട്ടി ചേര്‍ത്തു. നിങ്ങള്‍ക്ക് സാധുവായ ഒരു യൂ എ ഇ റസിഡന്‍സ് വിസ കൈവശമുണ്ടെങ്കില്‍, നിങ്ങള്‍ യു എ ഇ ലേക്കുള്ള വിമാനം ബുക്ക് ചെയ്യുന്നതിന് മുമ്പ് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ (ജിഡിആര്‍എഫ്എ) നിന്ന് അനുമതി തേടി എന്ന് ഉറപ്പാക്കുക. ദുബൈയിലേക്ക് മടങ്ങാനുള്ള അനുമതിയില്ലാതെ നിങ്ങളെ യാത്രക്ക് സ്വീകരിക്കില്ല ഫ്‌ലൈ ദുബൈ വെസ്‌ബൈറ്റില്‍ അറിയിച്ചു.