അർദ്ധ രാത്രിയിൽ പ്രഖ്യാപനം: പ്രവേശന കവാടങ്ങൾ തുറന്നിട്ട് ഗൾഫ് രാജ്യങ്ങൾ

Posted on: January 5, 2021 9:57 pm | Last updated: January 5, 2021 at 9:58 pm

അല്‍-ഉല | മൂന്ന് വര്‍ഷത്തിലധികമായി നീണ്ടുനിന്ന ഉപരോധങ്ങള്‍ അവസാനിപ്പിച്ച് അംഗ രാജ്യങ്ങള്‍ തങ്ങളുടെ കര -നാവിക -വ്യോമ കവാടങ്ങള്‍ തുറന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ചരിത്രമുറങ്ങുന്ന സഊദി അറേബ്യയിലെ ചരിത്രമുറങ്ങുന്ന പര്‍വത നിരകളുടെ നാടായ അല്‍ ഉലയിലെത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി ആരംഭിച്ചത്

അല്‍ഉല പ്രിന്‍സ് അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഉച്ചകോടിക്കായി ആദ്യമെത്തിയത് ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫയായിരുന്നു. ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹമൂദ് അല്‍ സഈദ്,കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബ, യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരും .ഉപരോധം നീങ്ങിയതിന് ശേഷം ആദ്യമായി സഊദിയിലെത്തിയ ഖത്തര്‍ അമീര്‍ ഉച്ചക്ക് 12 മണിയോടെയാണ് വിമാനമിറങ്ങിയത് എല്ലാ അംഗ രാജ്യങ്ങളിലെ നേതാക്കളെയും വിമാനത്താവളത്തില്‍ കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി അല്‍ ഉലയിലെ മറായ ഹാളില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ആരംഭിച്ചത്. സംയുക്ത ഗള്‍ഫ് നടപടിയെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മണ്മറഞ്ഞ നേതാക്കളായ ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ്, കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് എന്നിവരെ അനുസ്മരിക്കുകയും,ഇവരുടെ സ്മരണാര്‍ത്ഥം ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖബൂസ്- ശൈഖ് സബ ഉച്ചകോടിഎന്ന് നാമകരണം ചെയ്യാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായി കിരീടാവകാശി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും നടപ്പിലാക്കുന്നതിലെ പുരോഗതിയെയും,വെല്ലുവിളികളെ അതിജയിച്ച് ഗള്‍ഫ് മേഖലയെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനും , പ്രാദേശിക സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതിനായി ബാഹ്യ ശക്തികളുടെ വിനാശകരമായ അട്ടിമറി പദ്ധതികള്‍ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പദ്ധതികള്‍ ശക്തമായി നേരിടാനും ധാരണയായി

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഉറച്ച സമീപനത്തെ അടിസ്ഥാനമാക്കി പരസ്പര ഐക്യവും സഹകരണവും ഉറപ്പാക്കുന്ന ‘അല്‍ഉല കരാറി’ല്‍ സഊദി, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍ , ഖത്തര്‍,കുവൈത്ത് എന്നീ ആറ് രാജ്യങ്ങള്‍ ഒപ്പുവെച്ചതോടെ ഉച്ചകോടിക്ക് സമാപനമായി,ഗള്‍ഫ് ഏകീകരണം ശക്തിപ്പെടുത്താനാണ് അല്‍-ഉലാ കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് കിരീടവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു