Connect with us

Kerala

മദ്യവില വര്‍ധിപ്പിക്കാന്‍ നീക്കം; ലിറ്ററിന് നൂറ് രൂപയെങ്കിലും കൂടും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ നീക്കം. വില വര്‍ധിപ്പിക്കാനുള്ള ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചേക്കും. നിര്‍മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഇതിന് ആനുപാതികമായി നികുതിയും വര്‍ധിക്കുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വര്‍ധിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനക്ക് തീരുമാനമെടുത്തത്.

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സ്പിരിറ്റിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടര്‍ പ്രകാരമാണ് ബെവ്‌കോക്ക് ഇപ്പോഴും മദ്യം ലഭിക്കുന്നത്. എന്നാല്‍, സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കവിഞ്ഞിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ പുതുക്കാന്‍ രണ്ട് തവണ നടപടി ആരംഭിച്ചിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവച്ചു. ഇതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനം ഉയര്‍ത്തുകയുമുണ്ടായി.