പുതിയ പാര്‍ലിമെന്റ് മന്ദിര നിര്‍മാണത്തിന് സുപ്രീം കോടതിയുടെ അനുമതി

Posted on: January 5, 2021 11:13 am | Last updated: January 5, 2021 at 5:29 pm

ന്യൂഡല്‍ഹി | പുതിയ പാര്‍ലിമെന്റ് മന്ദിരം അടക്കം കേന്ദ്ര സര്‍ക്കാറിന്റെ വലിയ നിര്‍മാണ പദ്ധതിയായ ‘സെന്‍ട്രല്‍ വിസ്ത’യുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കടലാസ് ജോലികളുമായി മുന്നോട്ടുപോകാന്‍ ജസ്റ്റിസ് എം എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കി. പദ്ധതി അതിക ചെലവാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് നടത്താന്‍ സുപ്രീം കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനം നടത്തിയത്.
മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപനത്തിന് കോടതി അനുമതി നല്‍കിയത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ മന്ത്രാലയത്തിനുകീഴിലുള്ള വിദഗ്ധസമിതി അടുത്തിടെ ശിപാര്‍ശ ചെയ്തിരുന്നു.

രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റര്‍ രാജ്പഥ് പാതക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹരജികള്‍ നവംബര്‍ അഞ്ചിനാണ് സുപ്രീം കോടതി വിധിപറയാന്‍ മാറ്റിയത്.
ഇപ്പോഴത്തെ പാര്‍ലിമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതിക സംവിധാനങ്ങളും കുറവായതിനാല്‍ പുതിയത് നിര്‍മിച്ചേ പറ്റൂവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാന്ത്ര്യദിനമാഘോഷിക്കുന്ന 2022-നു മുമ്പായി പുതിയ മന്ദിര സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം.