കൊവാക്‌സിന്‍: ആശങ്കകള്‍ ദൂരീകരിക്കണം

രാജ്യം തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണെങ്കിലും അത് തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ ഉപയോഗപ്പെടുത്താവൂ. അതുവരെയും കൊവിഷീല്‍ഡ് വിതരണത്തില്‍ പരിമിതപ്പെടുത്തുന്നതായിരിക്കും ഉചിതം.
Posted on: January 5, 2021 4:01 am | Last updated: January 5, 2021 at 10:16 am

കൊവിഡിനെതിരെ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ശാസ്ത്രീയ പരീക്ഷണം പൂര്‍ത്തിയാകാതെയുള്ള കൊവാക്‌സിന്‍ വിതരണത്തിനെതിരെ പല പ്രമുഖരും ആശങ്ക പ്രകടിപ്പിച്ചിരിക്കെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ വിതരണ നീക്കത്തെ ന്യായീകരിക്കുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിച്ച ഓക്‌സ്ഫഡ് അസ്ട്രസെനക വാക്‌സിനൊപ്പമാണ് കൊവാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) സഹകരണത്തോടെ സ്വകാര്യ കമ്പനിയായ ഭാരത് ബയോടെകാണ് ഇത് വികസിപ്പിച്ചത്. മറ്റുള്ള വാക്‌സിനുകളുടെ അതേ കാര്യക്ഷമതയുണ്ട് കൊവാക്‌സിനെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ആണയിടുന്നത്. എന്നാല്‍ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മരുന്നിന് വിതരണാനുമതി നല്‍കിയത് അപക്വവും അപകടകരവുമാണെന്ന് ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടുന്നു. പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ കൊവാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും കൊവാക്‌സിന്‍ വിതരണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ (ഡി സി ജി ഐ) അനുമതി നല്‍കിയതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത വാക്‌സിന്‍ സുരക്ഷിതമാണെന്ന് എങ്ങനെയാണ് ഡ്രഗ് കണ്‍ട്രോളര്‍ പറയുകയെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു. വാക്‌സിന്റെ മൂന്നാം ഘട്ട ട്രയല്‍ ഇതുവരെ നടത്തുകയോ അതിന് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്തിട്ടില്ല. വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ആദ്യം മോദിയുടെ ക്യാബിനറ്റിലുള്ളവരും വാക്‌സിന്‍ കമ്പനിയിലെ ആളുകളും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ ആളുകളും എടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ആനന്ദ് ശര്‍മ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവരും കൊവാക്‌സിന്‍ വിതരണത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നു.
ഈ വിമര്‍ശങ്ങളത്രയും രാഷ്ട്രീയ പ്രേരിതമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രതികരണം. ഇത്തരം സുപ്രധാന വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി കൊവിഡ് പ്രതിരോധ വാക്‌സിനെ ആദ്യമായി രാഷ്ട്രീയ ആയുധമാക്കിയത് ബി ജെ പിയാണെന്ന വസ്തുത ഹര്‍ഷ് വര്‍ധന്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ബി ജെ പിയുടെ ഈ നടപടി അന്ന് രാഷ്ട്രീയ മേഖലയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി മോദി സര്‍ക്കാറിന് തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനായെന്ന് അവകാശവാദമുന്നയിക്കാനുള്ള അവസരമൊരുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് കൊവാക്‌സിന് അതിവേഗം അനുമതി നല്‍കിയതിന് പിന്നിലെന്നും ആരോപിക്കപ്പെടുന്നുണ്ട്.
പല വിദേശ രാഷ്ട്രങ്ങളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കിയിട്ടുണ്ട് കൊവിഡ് പ്രതിരോധ വാക്‌സിന്‍. അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചിരുന്നു. മുഖത്തെ പേശികള്‍ തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. ബ്രിട്ടനില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തുടര്‍ന്ന് അമേരിക്കയിലും ബ്രിട്ടനിലും ഫൈസര്‍ വാക്‌സിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. മെക്‌സിക്കന്‍ സിറ്റിയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഒരാഴ്ച മുമ്പാണ്. സന്നിയും ശ്വാസതടസ്സവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഡോക്ടര്‍. ശാസ്ത്രീയ പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ച വാക്‌സിനുകളുടെ അവസ്ഥ ഇതാണെങ്കില്‍ മൂന്നാം ഘട്ട പരീക്ഷണം ഇനിയും നടന്നിട്ടില്ലാത്ത കൊവാക്‌സിന്റെ അവസ്ഥയെന്തായിരിക്കും? കൊവാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍വിജിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 20നാണ് അനില്‍വിജ് ടെസ്റ്റ്‌ഡോസ് എടുത്തത്. ഡിസംബര്‍ 20ന് അദ്ദേഹത്തിന് പോസിറ്റീവായി.

ALSO READ  രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം വിപത്ത്

കൊവാക്‌സിന്‍ വിതരണ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി വാക്‌സിന്റെ ഉത്പാദകരായ ഭാരത് ബയോ ടെക് രംഗത്തുവന്നിട്ടുണ്ട്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നുമാണ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കൊവാക്‌സിന്‍ രാജ്യത്ത് പ്രഥമ ഘട്ടത്തില്‍ ഉപയോഗിക്കേണ്ടെന്നും തുടക്കത്തില്‍ കൊവിഷീല്‍ഡ് മാത്രം നല്‍കിയാല്‍ മതിയെന്നും ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മേധാവി രണ്‍ദീപ് ഗുലേറിയ നിര്‍ദേശം നല്‍കിയത്? ശാസ്ത്രീയ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയെങ്കില്‍ പ്രഥമ ഘട്ടത്തില്‍ തന്നെ കൊവാക്‌സിന്‍ വിതരണം ചെയ്യാവതല്ലേ? കൊവാക്‌സിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നതാണ് എയിംസ് ഡയറക്ടറുടെ പ്രസ്താവന.

രാജ്യം തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണെങ്കിലും അത് തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ ഉപയോഗപ്പെടുത്താവൂ. അതുവരെയും കൊവിഷീല്‍ഡ് വിതരണത്തില്‍ പരിമിതപ്പെടുത്തുന്നതായിരിക്കും ഉചിതം. കൊവാക്‌സിന്‍ വിതരണം തുടങ്ങിയ ശേഷം എന്തെങ്കിലും പാര്‍ശ്വഫലം അനുഭവപ്പെട്ടാല്‍ രാജ്യത്തിനു തന്നെ അത് ദുഷ്‌പേരാകും.