അനില്‍ പനച്ചൂരാന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Posted on: January 4, 2021 7:30 pm | Last updated: January 4, 2021 at 7:37 pm

തിരുവനന്തപുരം | കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് ഡോക്ടര്‍മാര്‍ ഈ നിഗമനത്തിലെത്തിയത്. മരണ കാരണമായ മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്. തിരുവനന്തപുരം കിംസില്‍ വച്ചായിരുന്നു മരണം.

മൃതദേഹം സംസ്‌കരിച്ചു
അനില്‍ പനച്ചൂരാന്റെ മൃതദേഹം സംസ്‌കരിച്ചു. കായംകുളത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. പിതാവിന്റെ അനുജന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഭാര്യ, മക്കള്‍, അമ്മ എന്നിവര്‍ക്കും വീട്ടിലെത്തിയ മറ്റ് നിരവധി പേര്‍ക്കും അനിലിനെ അവസാനമായി കാണാന്‍ സാധിച്ചില്ല.