Connect with us

Covid19

കൊവിഡിന്റെ ആഫ്രിക്കന്‍ വകഭേദത്തിന് നിലവിലെ വാക്‌സിനുകള്‍ പര്യാപ്തമല്ലെന്ന് ശാസ്ത്രജ്ഞര്‍

Published

|

Last Updated

ലണ്ടന്‍ | ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദത്തിന് നിലവിലെ വാക്‌സിനുകള്‍ പൂര്‍ണമായും ഫലപ്രദമാകില്ലെന്ന് ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളിലൊരാളെ ഉദ്ധരിച്ച് ഐ ടി വി പൊളിറ്റിക്കല്‍ എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണ്‍ അറിയിച്ചതാണിത്. പുതിയ വകഭേദത്തില്‍ തനിക്ക് അതിയായ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യു കെയില്‍ കണ്ടെത്തിയ വകഭേദത്തിന് വാക്‌സിനുകള്‍ ഫലപ്രദമാകുന്നത് പോലെയായിരിക്കില്ല ആഫ്രിക്കന്‍ വകഭേദത്തിന്റെ കാര്യത്തിലെന്ന് പെസ്റ്റണ്‍ പറഞ്ഞു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളെ തുടര്‍ന്ന് രോഗബാധിതരില്‍ വലിയ വര്‍ധനവാണുണ്ടായത്. മറ്റുള്ളവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം.

മനുഷ്യകോശങ്ങളിലേക്ക് പടരാന്‍ കൊറോണവൈറസ് ഉപയോഗിക്കുന്ന മുള്ള് പോലെയുള്ള പ്രോട്ടീനില്‍ വെച്ച് നിരവധി തവണ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഉയര്‍ന്ന വൈറല്‍ കരുത്തും ഇവക്കുണ്ട്. പ്രോട്ടീന്‍ ഉപരിതലങ്ങളില്‍ വൈറസ് കണികകള്‍ ഉയര്‍ന്ന തോതിലുണ്ടാകും. ഇതിലൂടെ വന്‍തോതില്‍ പകര്‍ച്ചയും സംഭവിക്കാം.

Latest