വാക്‌സിനിൽ ഇത്ര ധൃതിയെന്തിന്?

പ്രതിരോധ മരുന്ന് അടിയന്തരമായി ജനങ്ങളിലെത്തിക്കേണ്ട സാഹചര്യത്തെ കച്ചവട വിപുലീകരണത്തിന് കമ്പനികള്‍ സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന് തന്നെ കരുതണം. അതിനെ ഭരണകൂടം പിന്തുണക്കുന്നുവെന്നും.
Posted on: January 4, 2021 5:00 am | Last updated: January 4, 2021 at 2:49 pm

ജനതയെയൊന്നാകെ ഭീഷണിയിലാക്കുന്ന പകര്‍ച്ചവ്യാധി ഭരണകൂടങ്ങള്‍ക്ക് വലിയ അവസരം പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ മടികാണിക്കാറുമില്ല. നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം തുടരുമ്പോള്‍ ഇന്ത്യയിലേതടക്കമുള്ള ഭരണ സംവിധാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ അതിന് തെളിവാണ്. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ വിശ്വാസത്തിലെടുക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും ജനങ്ങള്‍ക്കുണ്ടാകില്ല. ഭരണകൂടത്തിന്റെ തീരുമാനങ്ങളുടെ യുക്തിയെ ക്രിയാത്മകമായി വിമര്‍ശിച്ചാല്‍ പോലും ജനങ്ങളെയും അതുവഴി രാജ്യത്തെയും പ്രതിസന്ധിയിലാക്കാനുള്ള ശ്രമമായി സ്ഥാപിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പലവിധത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട നിയന്ത്രണങ്ങള്‍ എത്രയും വേഗം ഒഴിവാക്കപ്പെടുകയും ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുക എന്നത് എല്ലാവരുടെയും ആവശ്യമാണ്. അതിനെ പ്രതികൂലമായി ബാധിക്കുമെന്ന തോന്നലുളവാക്കുന്ന ഒരു ശ്രമവും ജനം പൊതുവില്‍ സ്വീകരിക്കുകയുമില്ല. ഇതും ഭരണകൂടങ്ങളെ സംബന്ധിച്ച് വലിയ മേല്‍ക്കൈ പ്രദാനം ചെയ്യുന്നതാണ്.

2019 ഡിസംബറില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ഇന്ത്യയിലേക്ക് എത്തുന്നത് 2020 മാര്‍ച്ചിലാണ്. രാജ്യമൊരു പ്രക്ഷോഭത്തിന്റെ നടുവിലായിരുന്നു അപ്പോള്‍. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തുകയും തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ഫാസിസ്റ്റ് പ്രവണതകള്‍ മറയില്ലാതെ പ്രകടിപ്പിക്കുന്ന ഏകാധിപത്യം പോലെയായി ഭരണകൂടം മാറുകയും ചെയ്തതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം. പൗരത്വ നിയമം ഭേദഗതി ചെയ്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, രണ്ടാംതരക്കാരാക്കാനും ദേശീയ പൗരത്വ പട്ടിക തയ്യാറാക്കി അവരില്‍ വലിയൊരു വിഭാഗത്തെ പുറന്തള്ളാനും ശ്രമിക്കുന്നതിനെതിരെ വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയുമൊക്കെ നേതൃത്വത്തില്‍ മതഭേദമില്ലാതെ ഉയരുകയും പടരുകയും ചെയ്തതായിരുന്നു ആ പ്രക്ഷോഭം. കൊവിഡിന്റെ വ്യാപനം തടയാന്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ആ പ്രക്ഷോഭം തെരുവുകളില്‍ നിന്ന് അപ്രത്യക്ഷമായി. നിയമ ഭേദഗതിയുടെ തുടര്‍ നടപടികളിലേക്കും ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നതിലേക്കും കടക്കാന്‍ ഭരണകൂടത്തിന് എളുപ്പത്തില്‍ സാധിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധി അവസരം നല്‍കുന്നതിനും അത് ഭരണകൂടം ഉപയോഗിക്കുന്നതിനും തെളിവായാണ് ഇത് ചൂണ്ടിക്കാട്ടിയത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചപ്പോള്‍ തൊഴില്‍ നിയമങ്ങളിലടക്കമുള്ള ഭേദഗതി സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്ന ഉപാധിവെച്ചത് മറ്റൊരു ഉദാഹരണം. മറ്റൊന്ന് കാര്‍ഷിക നിയമങ്ങളില്‍ വരുത്തിയ മാറ്റമാണ്. അതിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ നേരിടുകയാണ് ഇപ്പോള്‍ ഭരണകൂടം. പൊതുവില്‍ പൗരാവകാശങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വലിയ വില കല്‍പ്പിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാറിന് അവയെ കൂടുതല്‍ തള്ളിക്കളയാനുള്ള സ്വാതന്ത്ര്യവും കൊവിഡ് സമ്മാനിച്ചിട്ടുണ്ട്.
അധികാരം കൂടുതല്‍ കേന്ദ്രീകരിക്കാനും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ വളരാന്‍ പാകത്തില്‍ നയ-നിയമങ്ങളില്‍ മാറ്റം വരുത്താനും ഇന്ത്യയിലെ ഭരണകൂടത്തിന് സാധിച്ചുവെന്ന് നിസ്സംശയം പറയാം. ജനങ്ങളെയാകെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വരുത്തിത്തീര്‍ക്കാനും. ഏറ്റവുമൊടുവില്‍ കൊവിഡിനുള്ള പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിലും അതിന് അംഗീകാരം നല്‍കുന്നതിലും വിതരണത്തിലുമൊക്കെ ഏതാണ്ട് ഇതേ രീതി നമുക്ക് കാണാനാകും. പ്രതിരോധ മരുന്ന് എന്നത് അനിവാര്യതയായതിനാല്‍ ഗവേഷണവും വികസിപ്പിക്കലും അതിന്റെ പരീക്ഷണവുമൊക്കെ ശരവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വന്‍കിട മരുന്ന് കമ്പനികള്‍ ശ്രമിച്ചു. അതിനെ ഭരണകൂടങ്ങള്‍ പൂര്‍ണമായും പിന്തുണക്കുകയും ചെയ്തു. വേണ്ട വിധം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, പാര്‍ശ്വഫല സാധ്യതകള്‍ പൂര്‍ണമായി വിലയിരുത്തി, മറ്റ് രോഗങ്ങളുള്ളവരില്‍ പ്രതിരോധ മരുന്നുണ്ടാക്കാന്‍ ഇടയുള്ള ആഘാതങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കി ഒക്കെയാണോ ഇതിനകം അനുവാദം ലഭിച്ച പ്രതിരോധ മരുന്നുകളൊക്കെ പ്രയോഗിക്കുന്നത് എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നവരില്‍ എത്രകാലം പ്രതിരോധ ശേഷിയുണ്ടാകുമെന്നതും ക്ലിപ്തപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും രോഗവ്യാപനം തടയുക എന്ന അടിയന്തര ഉദ്ദേശ്യം കണക്കിലെടുക്കുമ്പോള്‍ വാക്‌സിനുകളെ സ്വീകരിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും ജനങ്ങളുടെയും പൊതു ആരോഗ്യ പ്രവര്‍ത്തകരുടെയും മുന്നിലില്ല തന്നെ.

ALSO READ  മതവിവേചനം: ഇന്ത്യയും ഫ്രാൻസും തമ്മിൽ സമാനതകളുണ്ട്

ചൈനയുടെ മൂന്ന്, റഷ്യയുടെ രണ്ട്, അമേരിക്കയുടെ ഒന്ന് എന്നിങ്ങനെയാണ് ഇതിനകം അനുമതി ലഭിച്ച വാക്‌സിനുകളുടെ എണ്ണം. ഫൈസര്‍ വികസിപ്പിച്ച ഒന്ന് വേറെ. ഇതിന് പുറമെയാണ് മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വികസിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്ന കൊവാക്‌സിന്‍. ഇതിനും കൊവിഷീല്‍ഡിനുമാണ് ഇന്ത്യയില്‍ അനുവാദം. ആദ്യം മൂന്ന് കോടി പേര്‍ക്കും ആഗസ്റ്റോടെ 30 കോടി പേര്‍ക്കും പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ഇനിയും പൂര്‍ത്തീകരിക്കാതിരിക്കെയാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, അടിയന്തര ഘട്ടത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കപ്പെട്ട കൊവിഷീല്‍ഡ്, അസ്്ട്രസെനക എന്ന കമ്പനിയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചതാണ്. ഇതിന്റെ നിര്‍മാണത്തിലും പരീക്ഷണത്തിലും പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിയാണ്. ആ നിലക്കാണ് കൊവിഷീല്‍ഡിന് ഇന്ത്യയില്‍ അനുവാദം ലഭിക്കുന്നതിന് കളമൊരുങ്ങിയത്.

ഇവ രണ്ടിന്റെയും ഫലപ്രാപ്തിയെക്കുറിച്ച് ശാസ്ത്രജ്ഞരും ഭരണകൂടവും പറയുന്നത് വിശ്വസിക്കുക എന്നത് മാത്രമേ തത്കാലം മാര്‍ഗമുള്ളൂ. എങ്കിലും ആഗോളതലത്തില്‍ നിര്‍ദേശിക്കപ്പെട്ട വിധത്തിലുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാതിരിക്കെ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതിലെ യുക്തി ചോദ്യംചെയ്യപ്പെടും. ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച്, ഉപയോഗിക്കുന്നവരില്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് ഒക്കെ ചോദ്യങ്ങളുയരും. ഈ ചോദ്യങ്ങളെയൊക്കെ അപ്രസക്തമാക്കി, പാര്‍ശ്വഫല സാധ്യതകള്‍ പൂര്‍ണമായി വിലയിരുത്തും മുമ്പ് പ്രയോഗിക്കുന്നത് സൃഷ്ടിക്കാനിടയുള്ള അപകടങ്ങള്‍ കണക്കിലെടുക്കാതെ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നിലും അസാധാരണമായ സാഹചര്യം ഭരണകൂടത്തിന് നല്‍കുന്ന അവസരമാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചപ്പോള്‍ ഗുരുതരമായ പാര്‍ശ്വഫലമുണ്ടായെന്നും അതിന് നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പരീക്ഷണത്തില്‍ പങ്കാളിയായ ഒരാള്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നു. കേസ് കൊടുത്തയാളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് വ്യവഹാരത്തിനിറങ്ങുമെന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭീഷണിയും.

കൊവിഷീല്‍ഡ് പാര്‍ശ്വഫലമുണ്ടാക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പ്രതിരോധ മരുന്ന് അടിയന്തരമായി ജനങ്ങളിലെത്തിക്കേണ്ട സാഹചര്യത്തെ കച്ചവട വിപുലീകരണത്തിന് കമ്പനികള്‍ സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന് തന്നെ കരുതണം. അതിനെ ഭരണകൂടം പിന്തുണക്കുന്നുവെന്നും. പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും സുതാര്യത ഇല്ലാതാകുകയും ചെയ്യുന്നുണ്ട് ഈ അതിവേഗ പ്രതിരോധ മരുന്ന് വിതരണ ശ്രമങ്ങളില്‍.

തന്റെ നിര്‍ദേശമനുസരിച്ച്, മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ആഭ്യന്തരമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശപ്പെടാന്‍ അവസരമൊരുക്കുക എന്നതും കൊവാക്‌സിന്‍ അനുമതിയുടെ ലക്ഷ്യമാണ്. ഇന്ത്യയില്‍ വിതരണത്തിന് ലഭിച്ച അനുവാദം കാണിച്ച് ഇതര മൂന്നാം ലോക രാഷ്ട്രങ്ങളിലെ കമ്പോളങ്ങളെ ലക്ഷ്യമിടുകയും ചെയ്യാം. പ്രതിരോധ മരുന്ന് ഉപയോഗിച്ച ശേഷം കൊവിഡ് ബാധിതനായാല്‍, ജനിതകമാറ്റം വരുന്ന നോവല്‍ കൊറോണയുടെ കണക്കില്‍ എഴുതുകയും ചെയ്യാം. ഇന്ത്യന്‍ കമ്പനിക്ക് മാത്രമല്ല, വാക്‌സിന്‍ വികസിപ്പിച്ച് വിപണിയിലിറങ്ങുന്ന കമ്പനികള്‍ക്കൊക്കെ ചാകരയാണെന്ന് ചുരുക്കം. അതിന്റെ കോള് അറിയണമെങ്കില്‍ ഫൈസറിനെപ്പോലുള്ള കമ്പനികളുടെ ഓഹരി മൂല്യത്തില്‍ അടുത്തിടെയുണ്ടായ വര്‍ധന നോക്കിയാല്‍ മതി. 2021ല്‍ ഈ കമ്പനികള്‍ കൈവരിക്കാന്‍ പോകുന്ന ലാഭത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പരിശോധിച്ചാലും മതി.

ALSO READ  ജനാധിപത്യത്തിനു നേരെ വാളോങ്ങി നിതി ആയോഗ്