Connect with us

Editorial

പുകവലിക്കെതിരെയും വേണം കടുത്ത ജാഗ്രത

Published

|

Last Updated

പുകവലിക്കാനുള്ള പ്രായം ഉയര്‍ത്തുന്നതുള്‍പ്പെടെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനും വിപണനത്തിനും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കം സ്വാഗതാര്‍ഹമാണ്. സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമുള്ള കുറഞ്ഞ പ്രായം നിലവിലെ 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തുകയാണ്. ഇതിന്റെ കരട് തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍ നിന്ന് 2,000 രൂപയാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിധിയില്‍ വിപണനം നിരോധിക്കാനും കരട് നിര്‍ദേശിക്കുന്നു. അനധികൃതമായി സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതും നിരോധിക്കും.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വായിലെ ക്യാന്‍സറിന്റെ മുഖ്യ കാരണം ഇതാണ്. ഇന്ത്യയില്‍ 40 ശതമാനത്തോളം ക്യാന്‍സറിന് കാരണം പുകവലിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ രോഗം കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലാണെന്നത് ശ്രദ്ധേയമാണ്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിനും ഗര്‍ഭാശയ ക്യാന്‍സറിനും പിറകെ മൂന്നാം സ്ഥാനമാണ് വായിലെ ക്യാന്‍സറിനുള്ളത്. പുകവലിക്കാരായ മദ്യപരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 40 ശതമാനം വരെ കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുകവലിയും പാന്‍മസാല ഉപയോഗവും മദ്യപാനവും ഒഴിവാക്കിയാല്‍ വായിലെ ക്യാന്‍സര്‍ 90 ശതമാനം വരെ നിയന്ത്രിക്കാന്‍ സാധിക്കും. പാന്‍ക്രിയാസ്, കിഡ്‌നി, മൂത്രാശയ അര്‍ബുദം, മസിലുകള്‍ക്ക് ബലക്ഷയം, വന്ധ്യത, തൂക്കക്കുറവ് തുടങ്ങിയ രോഗങ്ങളും ക്ഷണിച്ചു വരുത്തുന്നു പുകവലി. പുകയിലയിലെ കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്‌സിജന്‍ വിതരണ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം എട്ട് ദശലക്ഷത്തിലധികം ആളുകള്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം മരണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 40 മുതല്‍ 70 ശതമാനം വരെ പുരുഷന്മാര്‍ പുകവലിക്കാരാണെന്നും ഡബ്ല്യു എച്ച് ഒ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിക്കാരില്‍ കൂടുതലും പുരുഷന്മാരാണെങ്കിലും സ്ത്രീകളിലും കണ്ടുവരുന്നുണ്ട് ഈ ദുശ്ശീലം. സ്ത്രീകളില്‍, പ്രത്യേകിച്ചും ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവിനും ഗര്‍ഭം അലസുന്നതിനും കാരണമാകുന്നുണ്ട് പുകവലി. ഗര്‍ഭാവസ്ഥയില്‍ ശിശുവിന്റെ ശരീരത്തില്‍ എത്തുന്ന നിക്കോട്ടിനും കാര്‍ബണ്‍ മോണോക്‌സൈഡും നവജാത ശിശുവിന്റെ മരണത്തിനു വരെ കാരണമായേക്കും. പുകവലി പൗരുഷത്തിന്റെ പ്രതീകമാണെന്നൊരു മിഥ്യാധാരണയുണ്ട് ചിലര്‍ക്ക്. എന്നാല്‍ പുകവലി ശരീരത്തില്‍ സാരമായ ക്ഷതമേല്‍പ്പിക്കുന്നതും ലൈംഗിക, പ്രത്യുത്പാദന ശേഷികളെ ബാധിക്കുന്നതുമാണ്. പുകവലിയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ എളുപ്പത്തില്‍ പിടികൂടാന്‍ കൊവിഡ് വൈറസിന് സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിഗററ്റിന്റെയും ബീഡിയുടെയും ഇരകള്‍ പുകവലിക്കുന്നവര്‍ മാത്രമല്ല, അവര്‍ പുറന്തള്ളുന്ന പുക ശ്വസിക്കാനിടവരുന്നവര്‍ (പാസീവ് സ്‌മോകിംഗ്) കൂടിയാണ്. മറ്റൊരാളുടെ സിഗററ്റിന്‍ തുമ്പത്തു നിന്ന് വരുന്ന പുക ശ്വസിക്കുന്നത് മാരക രോഗങ്ങള്‍ക്കിടയാക്കും. ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ 32 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും പാസീവ് സ്‌മോകിംഗ് അനുഭവിക്കുന്നവരാണ്. രണ്ട് വയസ്സിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളില്‍ 40 ശതമാനത്തോളം പേര്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ നിന്നുള്ള പാസീവ് സ്‌മോകിംഗിന് ഇരകളാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുടെയും പഠന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ആഗോളതലത്തില്‍ വലിയ ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറും പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്.

എന്നാല്‍, നിയമം കര്‍ശനമാക്കുന്നതു കൊണ്ട് മാത്രം പുകവലിക്കാരുടെ എണ്ണം കുറക്കാന്‍ സാധിക്കുമോ? പൊതുസ്ഥലങ്ങളിലെ പുകവലിക്കാരുടെ എണ്ണം കുറയുമെങ്കിലും മൊത്തത്തില്‍ ഇതിന്റെ ഉപയോഗം കുറക്കാന്‍ ഇത് സഹായകമാകണമെന്നില്ല. പുകവലിക്കാനുള്ള പ്രായം 21 ആയി ഉയര്‍ത്തിയാലും അതിനേക്കാള്‍ വയസ്സ് കുറഞ്ഞവര്‍ക്കും സുഹൃത്തുക്കളുടെ സഹായത്താല്‍ സിഗററ്റ് സമ്പാദിക്കാന്‍ സാധിച്ചേക്കും. മാത്രമല്ല, നിയമം ലംഘിച്ചും അധികൃതരുടെ കണ്ണുവെട്ടിച്ചും പ്രായം കുറഞ്ഞവര്‍ക്കും സിഗററ്റ് വില്‍ക്കാന്‍ കച്ചവടക്കാര്‍ സന്നദ്ധരായെന്നും വരാം. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിപണനം ചെയ്യപ്പെടുന്ന വസ്തുവാണ് പുകയില എന്നിരിക്കെ, അതിന്റെ പിന്നിലെ വാണിജ്യ, സാമ്പത്തിക താത്പര്യം കൂടി മറികടന്നുകൊണ്ട് മാത്രമേ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. പുകവലി ശീലമാക്കിയവരില്‍ നല്ലൊരു പങ്കും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ലെന്നതാണ് വസ്തുത. നിയമം കര്‍ശനമാക്കുന്നതോടൊപ്പം ശക്തമായ ബോധവത്കരണം കൂടി ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. സിനിമകളിലും സീരിയലുകളിലും പുകവലിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുകയും വേണം.

കൗമാരക്കാരിലെയും യുവാക്കളിലെയും ഒരു വിഭാഗത്തിന്റെ റോള്‍മോഡലുകള്‍ സിനിമാ താരങ്ങളാണ്. അവര്‍ പുകവലിക്കുന്നതു കണ്ടാല്‍ ചിലരെങ്കിലും പുകവലി വെറുക്കപ്പെടേണ്ടതല്ലെന്നു ധരിക്കാന്‍ ഇടവരികയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സിനിമകളില്‍ നിന്ന് മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് 2019 ജൂലൈയില്‍ നിയമസഭാ സമിതി ശിപാര്‍ശ ചെയ്യുകയും അത്തരം രംഗങ്ങള്‍ ഒഴിവാക്കി മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് പി ആയിശപോറ്റി അധ്യക്ഷയായ സമിതിയുടെ ഈ ശിപാര്‍ശ. കൊവിഡ് മുക്തിക്ക് വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജാഗ്രതയുടെയും ബോധവത്കരണത്തിന്റെയും ചെറിയൊരു ശതമാനമെങ്കിലും പുകയിലവിരുദ്ധ പ്രചാരണങ്ങള്‍ക്കായി മാറ്റിവെച്ചാല്‍ വലിയൊരളവോളം നിയന്ത്രിക്കാന്‍ സാധിക്കില്ലേ?