പന്താവൂരില്‍ കൊല്ലപ്പെട്ട ഇര്‍ഷാദിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി

Posted on: January 3, 2021 5:46 pm | Last updated: January 3, 2021 at 10:15 pm

മലപ്പുറം | പന്താവൂരില്‍ കൊല്ലപെട്ട ഇര്‍ഷാദിന്റെതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയെന്ന് പ്രതികള്‍ മൊഴി നല്‍കിയ കിണറ്റില്‍ രണ്ട് ദിവസമായി നടക്കുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നടുവട്ടത്തെ മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ കൊന്ന് കൊണ്ടുപോയി തള്ളി എന്നാണ് പ്രതികള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഇന്നും മാലിന്യം നീക്കി കിണറ്റില്‍ തിരച്ചില്‍ തുടരുകയായിരുന്നു.

ഇര്‍ഷാദിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം, മൃതദേഹം നടുവട്ടം പൂക്കരത്തറയിലെ കിണറ്റില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികളായ സുഭാഷ്, എബിന്‍ എന്നിവര്‍ പോലീസിനോട് പറഞ്ഞത്. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു.ഇതാണ് കൊലക്ക് കാരണം.
അതേ സമയം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഇര്‍ഷാദിന്റേത് തന്നെയാണോയെന്ന് തിരിച്ചറിയാന്‍ രാസപരിശോധനകളും ഡിഎന്‍എ പരിശോധനകളും നടത്തും. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മൃതദേഹം കണ്ടെത്തുകയെന്നത് ഏറെ നിര്‍ണായകമായിരുന്നു.