അഭിമാനിക്കാം; രണ്ട് കൊവിഡ് വാക്‌സിനുകളും വികസിപ്പിച്ചത് നമ്മുടെ രാജ്യത്ത്: പ്രധാന മന്ത്രി

Posted on: January 3, 2021 12:27 pm | Last updated: January 3, 2021 at 3:57 pm

ന്യൂഡല്‍ഹി | രാജ്യത്ത് അനുമതി നല്‍കിയ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നത് ഓരോ പൗരനും അഭിമാനകരമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ സംജാതമായിരിക്കുന്നത്. കൊവിഡ് രഹിതവും ആരോഗ്യകരവുമായ രാജ്യത്തിലേക്കുള്ള യാത്ര ത്വരിതഗതിയിലാക്കാന്‍ ഇത് സഹായിക്കും.

സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ അഭിനിവേശമാണ് വാക്‌സിന്‍ നിര്‍മാണം തെളിയിക്കുന്നത്. നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. ഏറെ പ്രതികൂലമായ സാഹചര്യത്തില്‍ വിശിഷ്ടസേവനം നിര്‍വഹിച്ച ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരോട് വീണ്ടും വീണ്ടും കൃതജ്ഞത പ്രകടിപ്പിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.