Connect with us

Ongoing News

വീണ്ടും നമുക്ക് നേരെ ഒരു ചൂണ്ടുവിരൽ

Published

|

Last Updated

കേരളജനതയുടെ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വന്തം അച്ഛന്റെ കുഴിയെടുത്ത മകൻ ഒരു നൊമ്പരമായി മാറിയത്. നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ വീടൊഴിപ്പിക്കൽ നടപടിക്കിടെയാണ് രാജൻ ഭാര്യയെ ചേർത്തുപിടിച്ച് തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെട്ടു.

മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുനിസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കൽ തടയാൻ രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. രാജൻ കത്തിച്ച ലൈറ്റർ പോലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയും ചെയ്തു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്പ് രാജൻ മൊഴി നൽകിയിരുന്നു.

രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടിൽ തന്നെ സംസ്‌കരിക്കണമെന്ന് രാജന്റെ മക്കൾ ആവശ്യപ്പെട്ടിരുന്നു. തർക്കഭൂമിയായതിനാൽ പോലീസ് വരികയും അവരുടെ മുന്നിൽവെച്ച് രാജനെ അടക്കാനായി വീട്ടുവളപ്പിൽ കുഴിയെടുക്കുകയും ചെയ്ത മകന്റെ വീഡിയോ വൈറലായി. പോലീസിന് മുമ്പിൽ വിരൽ ചൂണ്ടിയാണ് അവൻ തന്റെ സങ്കടവും പ്രതിഷേധവും പറഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതോടെ വാർത്താചാനലുകളും പത്രങ്ങളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും സംഭവം റിപ്പോർട്ട് ചെയ്തു.

സ്ഥലത്തെത്തിയ പൊലീസുകാരോട് നിങ്ങളാണ് അച്ഛനേയും അമ്മയേയും “കൊന്നതെന്നും” മകൻ പറഞ്ഞത് ഏറെ വേദനയോടെയാണ് മലയാളികൾ കണ്ടത്. “സാറേ, ഇനി എന്റെ അമ്മയും കൂടിയെ മരിക്കാനുള്ളൂ. നിങ്ങളെല്ലാവരും കൂടിയാണ് എന്റെ അച്ഛനെയും അമ്മയേയും കൊന്നത്.ഇനി അടക്കാനും പറ്റില്ലെന്നാണോ?” മകൻ പൊലീസുകാരോട് വിരൽ ചൂണ്ടി പറഞ്ഞത് ലോകത്തുടനീളമുള്ള മനഃസാക്ഷിയുള്ള മനുഷ്യരോടുകൂടിയായിരുന്നു.
തർക്കഭൂമി വിട്ടുനൽകണമെന്നാണ് കുട്ടികളുടെ ആവശ്യം. ഈ ഭൂമിയിൽ പരാതിക്കാരി വസന്തക്കുള്ള ഉടമസ്ഥാവകാശത്തെ പറ്റി തഹസിൽദാർ പരിശോധന തുടങ്ങിയിട്ടുണ്ട്.

അതിനിടെ, വസന്തക്ക് മരിച്ച രാജന്റെ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. രാജൻ രണ്ട് മാസം മുമ്പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു. ഇത് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാൽ, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കുമുന്നിൽ എത്താതിരുന്നത് എന്നതും ദുരൂഹമാണ്. വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്‌ജ്യോത് ഖോസ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ കോടതിയെ അറിയിക്കും.
സംസ്ഥാന സർക്കാർ ഉൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും രാജന്റെ മക്കൾക്ക് വീട് വെച്ചുനൽകാം എന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. ജപ്തി നടപടികൾക്ക് വരുന്ന പോലീസുകാർക്ക് മനുഷ്യത്വത്തോടെ പെരുമാറാനും മനഃശാസ്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനും കഴിയണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളിൽ അതിശക്തമായി ഉയരുകയും ചെയ്തു. നമുക്ക് നേരെ രാജന്റെ മകൻ ചൂണ്ടിയ വിരൽ സമാനമായ സംഭവങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാകാതിരിക്കാൻ കാരണമാകട്ടെ.

---- facebook comment plugin here -----

Latest