അപ്രിയ സത്യങ്ങളുടെ അക്ഷര സാക്ഷ്യങ്ങൾ

ഗ്രാമങ്ങളേയും ഗ്രാമീണ ജീവിതത്തെയും വർണപ്പൊലിമയോടെ ചിത്രീകരിച്ച രചനകൾ യാഥാർഥ്യത്തെ സമർഥമായി തമസ്കരിച്ചപ്പോൾ അതിനപവാദമായി കർഷകരുടെയും തൊഴിലാളികളുടെയും ജീവിത ദൈന്യങ്ങളെ അബ്രാമവ് തികഞ്ഞ സത്യസന്ധതയോടെ വരച്ചിട്ടു. വടക്കൻ ദേശങ്ങളുടെ ആത്മാവ് സ്പന്ദിക്കുന്ന രചനകൾ എന്നാണ് നിരൂപകലോകം അവയെ വിശേഷിപ്പിച്ചത്.
Posted on: January 3, 2021 10:34 am | Last updated: January 2, 2021 at 4:45 pm

വിപ്ലവാനന്തര റഷ്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട എഴുത്തുകാരനാണ് ഫ്യോദർ അബ്രാമവ് (Fyodor Aleksadrovich Abramov). നോവലിസ്റ്റ്, കഥാകൃത്ത്, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ റഷ്യയിലെ വായനാലോകത്ത് ഉന്നതമായ സ്ഥാനമാണ് ഈ എഴുത്തുകാരനുള്ളത്. വടക്കു കിഴക്കൻ റഷ്യയിലെ ഗ്രാമീണ ജീവിതമാണ് അബ്രാമവിന്റെ രചനകളിലെ പ്രതിപാദ്യം. അതിന്റെ ഗന്ധവും ഊഷ്മാവും കരൾത്തുടിപ്പും അതിശയിപ്പിക്കുന്ന സർഗശക്തിയാൽ അദ്ദേഹം രചനകളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. ഈ എഴുത്തുകാരന്റെ ജന്മശതാബ്ദി വർഷം ആഘോഷിക്കുകയാണ്.

സോവിയറ്റ് വിരുദ്ധനായ എഴുത്തുകാരനായിരുന്നില്ല ഫ്യോദർ അബ്രാമവ്. എന്നാൽ, സോവിയറ്റ് ആശയ സംഹിതകളുടെ ചില പാളിച്ചകളെ രചനകളിലൂടെ വിമർശിക്കാൻ അദ്ദേഹം മടിച്ചതുമില്ല. സ്റ്റാലിൻ യുഗത്തിലെ സോവിയറ്റ് സാഹിത്യത്തിന്റെ ഏറ്റവും വലിയ, ഒരു പക്ഷേ അനഭിലഷണീയമായ പ്രവണത സോവിയറ്റ് ഗ്രാമങ്ങളുടെ മഹത്വവത്കരണമായിരുന്നു. ഗ്രാമങ്ങളേയും ഗ്രാമീണ ജീവിതത്തെയും വർണപ്പൊലിമയോടെ ചിത്രീകരിച്ച രചനകൾ യാഥാർഥ്യത്തെ സമർഥമായി തമസ്കരിച്ചപ്പോൾ അതിനപവാദമായി അവിടുത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിത ദൈന്യങ്ങളെ അബ്രാമവ് തികഞ്ഞ സത്യസന്ധതയോടെ വരച്ചിട്ടു.

കൊട്ടിഘോഷിക്കപ്പെട്ട സോവിയറ്റ് നാട്ടിൻപുറങ്ങളുടെ ശരിയായ ചിത്രം അദ്ദേഹം ലോകത്തിനു മുന്നിൽ തുറന്നുവെച്ചു. അശാന്തിയുടെയും അസംതൃപ്തിയുടെയും ഈറ്റില്ലങ്ങളെയായിരുന്ന സോവിയറ്റ് ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും കുറഞ്ഞ കൂലിനിരക്കും തൊഴിലാളി – കർഷക ചൂഷണവും അതിനെതിരെ ഒറ്റക്കും തെറ്റക്കുമുയർന്ന പ്രതിഷേധങ്ങളും അവയുടെ അടിച്ചമർത്തലുമെല്ലാം അബ്രാമവിന്റെ രചനകളിലൂടെയാണ് രാജ്യം അറിഞ്ഞത്. കഥകളിലും നോവലുകളിലും ഈ വിഷയം അദ്ദേഹം എടുത്തുകാണിച്ചെങ്കിലും സ്റ്റാലിന്റെ മരണശേഷമാണ് ലേഖനങ്ങളിലൂടെ ഇവക്കെതിരെ അദ്ദേഹം പ്രത്യക്ഷ വിമർശം നടത്താൻ തുടങ്ങിയത്. 1954 ൽ എഴുതിയ ” People in the Kolhos village in Post War Prose’ എന്ന ലേഖനത്തിൽ യാഥാർഥ്യബോധത്തോടും തികഞ്ഞ നിഷ്പക്ഷതയോടും കൂടി ഗ്രാമീണ ജീവിതം ചിത്രീകരിക്കാൻ അദ്ദേഹം എഴുത്തുകാരോട് ആവശ്യപ്പെട്ടു. എഴുത്തുകാരുടെ സംഘടന പക്ഷേ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല സംഘടനയിൽ നിന്ന് അബ്രാമവിനെ നിഷ്കാസിതനാക്കുകയും ചെയ്തു. അതേസമയം, നിരാലംബരായ ഗ്രാമീണർക്ക് അദ്ദേഹത്തിന്റെ രചനകൾ പുതിയ പ്രതീക്ഷകൾ പകർന്നു നൽകി. ഉള്ളിന്റെയുള്ളിൽ എന്നും ഒരു ഗ്രാമീണ കർഷക മനസ്സ് സൂക്ഷിച്ചിരുന്ന ക്രൂഷ്ചേവ് അധികാരത്തിൽ വന്നപ്പോൾ അബ്രാമവിന്റെ രചനകളെ മൗനമായി പ്രോത്സാഹിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.

രണ്ടാം ലോക മഹായുദ്ധകാലത്തെ വടക്കൻ ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതങ്ങളും യാതനകളും വിവരിക്കുന്ന Brothers and Sisters (1958) ആണ് അബ്രാമവിന്റെ ആദ്യ നോവൽ. യുദ്ധഭൂമിയിൽ പടയാളികൾ പുലർത്തിയ ധീരതയും സ്ഥൈര്യവും തന്നെയാണ് നാട്ടിൻപുറങ്ങളിലെ കൂട്ടുകൃഷിക്കളത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകരും പ്രകടിപ്പിച്ചതെന്ന് ഈ നോവലിൽ അബ്രാമവ് ചൂണ്ടിക്കാട്ടുന്നു. രണ്ട് പ്രസാധകർ നിരസിച്ച ഈ നോവൽ അഞ്ച് വർഷത്തിനു ശേഷം, 1963ൽ നേവ മാസികയാണ് പ്രസിദ്ധീകരിച്ചത്. “Around and About’ എന്ന ഉപന്യാസം സോവിയറ്റ് കൂട്ടുകൃഷി സമ്പ്രദായത്തിലെ പാളിച്ചകളെ വിമർശിക്കുന്നു. കർഷകരുടെ ആഭ്യന്തര യാത്രകൾക്ക് അനുവദിച്ചിരുന്ന പാസ്പോർട്ട് അപ്രതീക്ഷിതമായി നിഷേധിച്ചതും വിളവിനനുസരിച്ച് അവർക്ക് ലാഭവിഹിതം നൽകാതിരുന്നതും അദ്ദേഹം വിമർശനത്തിന് വിധേയമാക്കി. Two Winters and Three summers (1968 ), Roads and Cross Roads (1973), The House (1978) എന്നീ നോവലുകളും കർഷക പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അവസാനത്തെ നോവൽ Clean Book അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് അപൂർണ രചനയായി. നോവലുകൾക്കു പുറമെ അസംഖ്യം കഥകളും നിരൂപണങ്ങളും ഡയറിക്കുറിപ്പുകളും അബ്രാമവ് എഴുതിയിട്ടുണ്ട്. ഗ്ലാസ്നോസ്തിന്റെ കാലത്താണ് അവയിലേറെയും വെളിച്ചം കണ്ടത്.

ALSO READ  മിന്നൽക്കഥാസാഹിത്യം പാറക്കടവിലെത്തുമ്പോൾ

വടക്കു പടിഞ്ഞാറൻ റഷ്യയിലെ ആർക്ടിക് പ്രദേശമായ അർഹാൻഗ്ലെസ്‌ക് എന്ന പ്രവിശ്യയിലെ വേർക്കള ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ 1920 ഫെബ്രുവരി 29 നാണ് ഫ്യോദർ അബ്രാമവ് ജനിച്ചത്. ലെനിൻഗ്രാഡ് യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് നിർബന്ധിത സൈനിക സേവനത്തിനു വേണ്ടി പഠനമുപേക്ഷിച്ച അദ്ദേഹം 1951 ൽ പഠനം പൂർത്തിയാക്കിയ ശേഷം കുറെ കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിൽക്കാലത്ത് ലെനിൻഗ്രാഡ് സർവകലാശാലയിലെ റഷ്യൻ സാഹിത്യവിഭാഗം തലവനായും സോവിയറ്റ് യൂനിയനിലെ റൈറ്റേഴ്‌സ് യൂനിയന്റെ സെക്രട്ടറിയായും അവരോധിക്കപ്പെട്ടു. 1983 മെയ്‌ 14 ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ അദ്ദേഹം അന്തരിച്ചു.
അബ്രാമവിന്റെ ജന്മശതാബ്ദി അദ്ദേഹത്തിന്റെ ജന്മനാടായ അർഹാൻഗ്ലെസ്‌കിൽ വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. അർഹാൻഗ്ലെസ്‌ക് ഭരണകൂടം 2020 അബ്രാമവ് വർഷമായാണ് പ്രഖ്യാപിച്ചത്. 2019 ൽ അവിടുത്തെ വിമാനത്താവളത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമീർ പുടിൻ അബ്രാമവ് എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി.

വടക്കുകിഴക്കൻ മേഖലയിലെ ഉൾനാടൻ ജനജീവിതത്തിന്റെ യഥാർഥ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ ഇപ്പോഴും പൂർണമായും വെളിപ്പെട്ടിട്ടില്ല. അവിടുത്തെ കലാവസ്ഥാ വ്യതിയാനത്തിനും വിഭവ ചൂഷണത്തിനും ഭൂമിശാസ്ത്രപരമായ വൈചിത്ര്യങ്ങൾക്കുമപ്പുറം സാമാന്യ ജനജീവിതത്തിന്റെ സാമൂഹികവും സാമ്പത്തികവും നൈതികവും രാഷ്ട്രീയപരവുമായ വിഷയങ്ങളൊന്നും ഇതുവരെ ഒരു വേദിയിലും ഗൗരവമായി ചർച്ചചെയ്യപ്പെട്ടില്ല. അബ്രാമവിന്റെ രചനകളിൽ പക്ഷേ ആഴത്തിലല്ലെങ്കിലും അവ പരിശോധിക്കപ്പെടുന്നു എന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെയാണ് വടക്കൻ ദേശങ്ങളുടെ ആത്മാവ് സ്പന്ദിക്കുന്ന രചനകൾ എന്ന് നിരൂപകലോകം അവയെ വിശേഷിപ്പിക്കുന്നതും.