പുതുവര്‍ഷത്തില്‍ മഞ്ഞപ്പട നിരാശപ്പെടുത്തി; കരുത്തര്‍ക്ക് മുന്നില്‍ കൊമ്പുകുത്തി

Posted on: January 2, 2021 9:28 pm | Last updated: January 3, 2021 at 8:41 am

മഡ്ഗാവ് | പുതുവത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നിരാശപ്പെടുത്തി. ഐ എസ് എല്ലിലെ 44ാം മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ് സിയോട് മഞ്ഞപ്പടക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ രണ്ട് ഗോളുകളാണ് കൊമ്പന്മാരുടെ വലയിലേക്ക് മുംബൈ അടിച്ചുകയറ്റിയത്. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. ഒരു പെനാൽറ്റി ഗോൾകീപ്പർ ആൽബിനോ ഗോമസ് തടഞ്ഞില്ലായിരുന്നെങ്കിൽ തോൽവിയുടെ ആഘാതം വർധിച്ചേനെ.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍ മുംബൈക്ക് സാധിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വയംകൃതാനര്‍ഥം കാരണം ലഭിച്ച പെനാല്‍റ്റിയിലാണ് മുംബൈ ഗോളടിച്ചത്. സ്വന്തം ബോക്‌സില്‍ മുംബൈയുടെ ഹ്യൂഗോ ബൗമൗസിനെ കോസ്റ്റ നമോയ്‌നെസു വീഴ്ത്തുകയായിരുന്നു. പെനാല്‍റ്റിയെടുത്ത ലെ ഫോന്ദ്രെ വലയിലാക്കി.

ആദ്യ തിരിച്ചടിയേറ്റ് ഏറെ വൈകാതെ പതിനൊന്നാം മിനുട്ടില്‍ രണ്ടാം ഗോളും മുംബൈ നേടി. ഇതിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വീഴ്ച കാണാന്‍ സാധിക്കും. മുംബൈയുടെ ബോക്‌സിന് പുറത്ത് വെച്ച് ലഭിച്ച ഫ്രീകിക്ക് വിസെന്റ് ഗോമസിന് വലയിലാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ ഫൗള്‍ കാരണം മുംബൈക്ക് ഫ്രീകിക്കും ലഭിച്ചു. തങ്ങളുടെ ബോക്‌സിന് ഉള്ളില്‍ ലഭിച്ച ഫ്രീകിക്ക് മുംബൈയുടെ അഹ്മദ് ജഹൂഹ് മൈതാനത്തിന്റെ പകുതിയിലുണ്ടായിരുന്ന ഹ്യൂ ബൗമൗസിന് നീട്ടിയടിച്ച് നല്‍കി. ബോളുമായി കുതിച്ച ബൗമൗസ് വലയിലാക്കുകയും ചെയ്തു.

28ാം മിനുട്ടില്‍ സഹല്‍ അബ്ദുസ്സമദും വിസെന്റെ ഗോമസും മികച്ച ആക്രമണം നടത്തിയെങ്കിലും മുംബൈയുടെ വല ചലിപ്പിക്കാനായില്ല. 31ാം മിനുട്ടില്‍ സഹല്‍ ഒറ്റക്ക് ഗോള്‍ നേടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയകരമായില്ല. മുംബൈയുടെ ബോക്‌സില്‍ പന്തുമായി കയറിയ സഹല്‍ തന്റെ വലതുവശത്തുള്ള ഫകുന്ദോ പെരേരക്ക് പാസ് നല്‍കുന്നതിന് പകരം വല ലക്ഷ്യമാക്കി അടിക്കുകയായിരുന്നു. എന്നാല്‍, ഗോളി അമരീന്ദര്‍ സിംഗ് പന്ത് കൈപ്പിടിയിലൊതുക്കി.

61ാം മിനുട്ടില്‍ ലല്‍താതാംഗ ഖ്വാള്‍റിംഗിന് പകരക്കാരനായി രാഹുല്‍ കെ പി ഇറങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. 60ാം മിനുട്ടില്‍ സഹല്‍ ഗോളിന് ശ്രമിച്ചെങ്കിലും ഷോട്ട് ഗോളി അമരീന്ദറിന്റെ നേരേയാണ് പാഞ്ഞത്. 72ാം മിനുട്ടിലാണ് ഗോമസ് പെനാൽറ്റി തടഞ്ഞത്. ബോക്സിൽ ബൗമൗസിനെ സന്ദീപ് സിംഗ് വീഴ്ത്തിയതിനാണ് റഫറി രാഹുൽ കുമാർ ഗുപ്ത മഞ്ഞക്കാർഡ് ഉയർത്തിയതും പെനാൽറ്റി വിധിച്ചതും. വലയുടെ വലതുവശത്തേക്ക് ബൗമൗസ് കിക്കെടുത്തെങ്കിലും സമാന ദിശയിലേക്ക് ഡൈവ് ചെയ്ത ഗോമസ് സേവ് ചെയ്യുകയായിരുന്നു.

80ാം മിനുട്ടിൽ സഹലിന് പകരം സീത്യേശൻ സിംഗ് വന്നു. മഞ്ഞക്കാർഡ് വാങ്ങുന്നതിലും ഇരു ടീമുകളും മത്സരിക്കുന്നത് പോലെയായിരുന്നു ഫൗളുകൾ. 86ാം മിനുട്ടിൽ ഗോമസിന് പകരം ഗിവ്സൺ സിംഗ് വന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇതിനടയിൽ മുംബൈയും പകരക്കാരെ ഇറക്കുന്നുണ്ടായിരുന്നു. നിശ്ചിത സമയം പൂർത്തിയായപ്പോൾ റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും ആശ്വാസ ഗോൾ പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

ALSO READ  തുല്യശക്തികളിൽ കേമൻ ചെന്നൈയിൻ