വിദ്യാര്‍ഥികള്‍ക്കായുള്ള കെ എസ് ആര്‍ ടി സി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

Posted on: January 2, 2021 12:03 pm | Last updated: January 2, 2021 at 4:47 pm

തിരുവനന്തപുരം  |സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളിലും തുറന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.ഇത് സംബന്ധിച്ച നിര്‍ദേശം സിഎംഡി നല്‍കിക്കഴിഞ്ഞു .സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കും. സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കും.

സെല്‍ഫ് ഫിനാന്‍സിംഗ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറക്ക് കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു.