Connect with us

Kerala

നിയന്ത്രണങ്ങളില്‍ ഇളവ്; തിയറ്ററുകള്‍ അഞ്ചിന് തുറക്കും; ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കും അനുമതി

Published

|

Last Updated

തിരുവനന്തപുരം | ജനജീവിതം കണക്കിലെടുത്ത് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക, സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ഇളവുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിനിമാശാലകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കാവാന്‍ അനുമതി നല്‍കി. ഒരു വര്‍ഷത്തോളമായി തിയറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിയറ്ററിലെ സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അതോടൊപ്പം, ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്‌ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക.

പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്‌കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും. അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും.

സ്‌പോര്‍ട്‌സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എക്‌സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. മറ്റു വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Latest