കൊവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഇന്ന് അനുമതി നല്‍കും

Posted on: January 1, 2021 5:44 pm | Last updated: January 1, 2021 at 9:48 pm

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധത്തില്‍ സുപ്രധാന നാഴികക്കല്ലായി രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന് ഉടന്‍ അനുമതി ലഭ്യമാക്കാന്‍ തീരുമാനം. കൊവിഷീല്‍ഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗം തീരുമാനിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ വാക്‌സിന്‍ നല്‍കിത്തുടങ്ങും. അര്‍ജന്റീനയും ബ്രിട്ടനും കൊവി ഷീല്‍ഡിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു. ഭാരത് ബയോടെകിന്റെ കോവാക്സിനും ഉടൻ അനുമതി ലഭിച്ചേക്കും.

ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ്-19 വാക്‌സിനാണ് കൊവിഷീൽഡ്. നിലവില്‍ രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടലാണ് വാക്‌സിന്‍ ഡോസുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയ്ക്കും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെ നിരക്കിലും വാക്സിൻ നൽകുമെന്ന്  സിറം സി.ഇ.ഒ. അദാര്‍ പൂനെവാല പറഞ്ഞു.