ഏറ്റവും ചുരുങ്ങിയ ചെലവിൽ മൂന്നാർ ചുറ്റാം

Posted on: January 1, 2021 4:43 pm | Last updated: January 1, 2021 at 4:43 pm


തിരുവനന്തപുരം | കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചെലവിൽ കാണിക്കുന്നതിന് ഇനി കെ എസ് ആർ ടി സിയും. ഇതിന് വേണ്ടി കെ എസ് ആർ ടി സി നടപ്പാക്കുന്ന സൈറ്റ് സീയിംഗ് സർവീസ് ആരംഭിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നാർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടുന്ന സർവീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാർ കെ എസ് ആർ ടി സി സ്റ്റേഷനിൽ എത്തിക്കും.
ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരം നൽകും. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി മുതൽ മൂന്ന് ദിവസം മൂന്നാറിലെ കെ എസ് ആർ ടി സി ഡിപ്പോയിലെ സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറക്ക് കാന്തല്ലൂരിലും സർവീസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

ALSO READ  ബീച്ചുകളുടെ സംഗമക്കാഴ്ച