സംസ്ഥാന ബജറ്റ് സമ്മേളനം അടുത്ത ആഴ്ച ആരംഭിക്കും

Posted on: January 1, 2021 12:40 pm | Last updated: January 1, 2021 at 6:07 pm

തിരുവനന്തപുരം |  അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് അടുത്ത ആഴ്ച തുടക്കം. ജനുവരി എട്ട് മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനം. ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബജറ്റ്് ചര്‍ച്ചകളും പൂര്‍ത്തിയാക്കി സഭ പിരിയും. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ഇത് ഗവര്‍ണറുടെ അനുമതിക്കായി അയക്കും. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണമെന്നാണ് വിവരം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി സര്‍ക്കാര്‍ അവസാന ബജറ്റ് സമ്മേളനത്തിനായി സഭയിലെത്തുന്നത്. സംസ്ഥാനത്ത് ഒരു തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഇതിനകം എല്‍ ഡി എഫ് തുടക്കമിട്ടു കഴിഞ്ഞു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയില്‍ നിന്ന് യു ഡി എഫ് ഇനിയും മോചിതരായിട്ടില്ല. കോണ്‍ഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും തോല്‍വിയെ തുടര്‍ന്നുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുകയാണ്. എന്നാല്‍ സ്വര്‍ണക്കടത്ത്, ലൈഫ് തുടങ്ങിയ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തി സഭയില്‍ സര്‍ക്കാറിനെ നേരിടാനാകും പ്രതിപക്ഷം ശ്രമിക്കുക.