രജനിയുടെ പിൻമാറ്റത്തിനു പിന്നിൽ?

Posted on: January 1, 2021 5:00 am | Last updated: January 1, 2021 at 1:30 am

ആരോഗ്യപരമായ കാരണങ്ങളാണ് രാഷ്ട്രീയ പാർട്ടി രൂപവത്കരണ തീരുമാനത്തിൽ നിന്നു പിന്തിരിയാൻ നടൻ രജനീകാന്ത് പറയുന്ന കാരണം. കടുത്ത രക്തസമ്മർദത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പാർട്ടി പ്രഖ്യാപനം വേണ്ടെന്നു വെച്ചതായി അറിയിച്ചത്. ഇടക്കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് രജനി. ഇക്കാര്യം കൂടി പരിഗണിച്ചു കായികാധ്വാനമുള്ളതും മാനസിക സമ്മർദത്തിനിടയാക്കുന്നതുമായ കാര്യങ്ങളൊന്നും ചെയ്യരുതെന്ന് ഡോക്ടർമാർ രജനിയെ ഉപദേശിച്ചിട്ടുണ്ടത്രെ. പാർട്ടി രൂപവത്കരിച്ചു പ്രചാരണം ആരംഭിച്ചു കഴിഞ്ഞാൽ നിരവധി പേരുമായി ഇടപഴകേണ്ടി വരും. തനിക്കു വല്ലതും സംഭവിച്ചാൽ തന്നെ വിശ്വസിച്ചവർക്കും പിന്തുണച്ചവർക്കും വലിയ പ്രയാസവും സാമ്പത്തിക ബാധ്യതയും ഉണ്ടാകും. ഈ രോഗം ദൈവികമായ ഒരു മുന്നറിയിപ്പായാണ് താൻ കാണുന്നതെന്ന് രജനി വിശദമാക്കി. ശിഷ്ട കാലം സാമൂഹിക സേവനത്തിനുപയോഗപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം പാർട്ടി രൂപവത്കരണ പ്രഖ്യാപനം വിശിഷ്യാ അതിനു സ്വീകരിച്ച രീതി രജനിയുടെ ഇഷ്ടപ്രേമികളിലുണ്ടാക്കിയ അഭിപ്രായ ഭിന്നതയാണ് തീരുമാനം മാറ്റാനുള്ള പ്രേരകമെന്നാണ് പിന്നാമ്പുറ സംസാരം. മൂന്നാഴ്ച മുമ്പ് പാർട്ടി പ്രഖ്യാപനത്തിന്റെ കാര്യം ട്വീറ്റ് ചെയ്തതിനു പിന്നാലെ, പുതിയ പാ ർട്ടിയുടെ ചീഫ് കോ-ഓർഡി നേറ്ററായി ബി ജെ പി ബൗദ്ധിക സെൽ തലവനായിരുന്ന അർജുന മൂർത്തിയെയാണ് നിയോഗിച്ചത്. നിർദിഷ്ട പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ വരാൻ പോകുന്ന പലരും ബി ജെ പി പശ്ചാത്തലമുള്ളവരാണെന്നുള്ള റിപ്പോർട്ടും വന്നിരുന്നു. ഇത് രജനി മക്കൾ മൺഡ്രത്തിൽ നിന്നുപോലും വിമർശം ഉയരാൻ ഇടയാക്കിയിരുന്നു.

രജനിയെ ആത്മാർഥമായി സ്‌നേഹിക്കുകയും അദ്ദേഹത്തിനു വേണ്ടി ഇത്രയും കാലം പ്രയത്‌നിക്കുകയും ചെയ്തവരെയും കൂടെ നിന്നവരെയും ഒഴിവാക്കിയാണ് പാർട്ടി രൂപവത്കരണം നടക്കുന്ന തെന്ന ആരോപണം ഉയർന്നു. നടനെന്ന നിലയിൽ തമിഴ് ജനതക്കിടയിലുള്ള രജനിയുടെ സ്വീകാര്യതയെ രാഷ്ട്രീയപ്രവേശം ദോഷകരമായി ബാധിച്ചേക്കുമെന്നും നിരവധി സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയതായും അറിയുന്നു.
തമിഴ് രാഷ്ട്രീയത്തിൽ തനിക്ക് എത്രത്തോളം വിജയിക്കാൻ കഴിയുമെന്ന് സ്വകാര്യ ഏജൻസികളെ ഉപയോഗപ്പെടുത്തി രജനി സർവേ നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന ഈ സർവേയിൽ കണ്ടെത്തിയത് അഞ്ച് ശതമാനത്തിനും പത്ത് ശതമാന ത്തിനും ഇടയിൽ വോട്ടേ ലഭിക്കാൻ സാധ്യതയുള്ളുവെന്നാണ്. തമിഴ് ജനതയുടെ മനസ്സിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ഥാനമുള്ള രജനി പത്ത് ശതമാനത്തിനുള്ളിൽ മാത്രം വോട്ട് നേടിയാൽ തമിഴക രാഷ്ട്രീയത്തിൽ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാനാകില്ല. മാത്രമല്ല, നിലവിലുള്ള അദ്ദേഹത്തിന്റെ ഇമേജിനെ അത് ബാധിക്കുകയും ചെയ്യും.

പതിറ്റാണ്ടുകളായി തന്റെ ആലോചനയിലുള്ള രാഷ്ട്രീയ പ്രവേശന കാര്യത്തിൽ ഉറച്ച തീരുമാനത്തിലെത്താൻ അദ്ദേഹത്തിനു സാധിക്കാതെ വന്നതിന്റെ കാരണവും മറ്റൊന്നല്ലല്ലോ. ‘രാഷ്ട്രീയം വലിയ കളിയാണ്. വളരെ അപകടകരവുമാണ്. ഞാൻ ശ്രദ്ധയോടെയേ കളിക്കുകയുള്ളു. സാഹചര്യവും സമയവും അതിപ്രധാനമാണെന്നാണ് 2019 ജനുവരിയിൽ ഒരു അഭിമുഖത്തിൽ രജനീകാന്ത് തന്നെ പറഞ്ഞത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എൻ ഡി എ മുന്നണിയെ വിജയിപ്പിക്കാനുള്ള രജനീകാന്തിന്റെ ആഹ്വാനം തമിഴർ പാടേ തള്ളിക്കളഞ്ഞതും ഇവിടെ പ്രസ്താവ്യമാണ്. അന്ന് ഒരു സീറ്റിൽ പോലും വിജയിച്ചില്ല എൻ ഡി എ. ബി ജെ പിയുടെ സമ്മർദത്തെ തുടർന്നാണ് അവസാനം പാർട്ടി രൂപവത്കരണ പ്രഖ്യാപനത്തിന് അദ്ദേഹം നിർബന്ധിതനായതെന്നാണ് കരുതപ്പെടുന്നത്. രോഗത്തേക്കാളേറെ ഇതൊക്കെയായിരിക്കാം ഒരു പക്ഷേ ഇപ്പോഴത്തെ പിൻമാറ്റത്തിനു പിന്നിൽ.

ALSO READ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഒരഭ്യര്‍ഥന

കാരണങ്ങളെന്തായാലും രജനിയുടെ പുതിയ തീരുമാനം ബുദ്ധിപരമാണ്. പതിറ്റാണ്ടുകൾ നീണ്ട ആലോചനക്കും കൂട്ടിക്കിഴിക്കലുകൾക്കും ശേഷമാണ് രാഷ്ട്രീയവും സിനിമയും ഇഴപിരിഞ്ഞു കിടക്കുന്ന തമിഴകത്ത് തന്റെ രാഷ്ട്രീയമോഹങ്ങൾ പൂവണിയിക്കാനുള്ള തീരുമാനത്തിൽ രജനി എത്തിയതും പുതിയ പാർട്ടി പ്രഖ്യപന തീരുമാനം വെളിപ്പെടുത്തിയതും. എം ജി ആറിനു രാഷ്ട്രീയ മേഖലയിൽ ലഭിച്ച സ്വീകാര്യതയും അംഗീകാരവുമായിരിക്കണം അദ്ദേഹത്തിനു പ്രചോദനം. എം ജി ആർ മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തമിഴരിൽ അദ്ദേഹത്തോട് ആദരവും ബഹുമാനവും ഇന്നും നിലനിൽക്കുന്നു. അദ്ദേഹം രൂപം നൽകിയ പാർട്ടിക്കും ഇന്നും സംസ്ഥാനത്ത് നിർണായക സ്വാധീനമുണ്ട്. ഈ ഒരു തലത്തിലേക്ക് തനിക്കും ഉയരാനാകുമെന്നായിരിക്കാം രജനിയുടെ കണക്കുകൂട്ടൽ. എന്നാൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായ അണ്ണാദുരെയുടെ ശിഷ്യത്വത്തിൽ രാഷ്ട്രീയം നന്നായി പഠിക്കുകയും പ്രായോഗ തലത്തിൽ പയറ്റുകയും ചെയ്ത ശേഷമാണ് എം ജി ആർ പുതിയ പാർട്ടിയുമായി രംഗത്തു വരുന്നത്. രജനിക്കു രാഷ്ട്രീയ മേഖല അത്ര പരിചിതമല്ല.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബാനറിലാണ് ഡി എം കെക്കും അണ്ണാ ഡി എം കെക്കും തമിഴകത്ത് വേരോട്ടമുണ്ടാക്കാനായത.് കരുണാനിധിയെയും എം ജി ആറിനെയും ജയലളിതയെയും തമിഴ് രാഷ്ട്രീയം സ്വീകരിച്ചത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന നിലയിലാണ്. ബ്രാഹ്മണാധിപത്യത്തിനെ തിരെ ശബ്ദിക്കുകയും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടുകയും ചെയ്ത ഇ വി രാമസ്വാമി നായ്ക്കർ അടിത്തറ പാകിയ ദ്രാവിഡ രാഷ്ട്രീയത്തിൽ രജനീകാന്ത് പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നത് ജാതി വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുകയും സാമൂഹിക നീതിയെ നിരാകരിക്കുകയും ചെയ്യുന്ന ബി ജെ പിയുടെ ഹിന്ദുത്വ ചിന്താഗതിയോട് അടുപ്പം പുലർത്തുന്ന ആത്മീയ രാഷ്ട്രീയത്തെയാണ്.

ദ്രാവിഡ സ്വത്വ ബോധം തമിഴരുടെ മനസ്സിൽ ആഴത്തിൽ വേരുറച്ചതു കൊണ്ടാണ് അടവുകൾ പതിനെട്ട് പയറ്റിയിട്ടും ബി ജെ പിക്ക് സംസ്ഥാനത്ത് വേരോട്ടം ലഭിക്കാതെ പോയത്. രജനി രാഷ്ട്രീയത്തിൽ ഇറങ്ങിയാലും സംഭവിക്കാൻ പോകുന്നത് ഇതൊക്കെ തന്നെയായിരിക്കും. സാമൂഹിക സേവന മേഖല തന്നെ ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിനു കരണീയം.