ടോള്‍: അബുദാബി നഗരത്തില്‍ സൗജന്യ ബസ് യാത്രക്ക് അനുമതി

Posted on: December 31, 2020 10:37 pm | Last updated: December 31, 2020 at 10:37 pm

അബുദാബി |  ജനുവരി രണ്ടിന് ടോള്‍ സംവിധാനം നിലവില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍, പൊതുഗതാഗതം സജീവമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി നഗരത്തില്‍ സൗജന്യ ബസ് യാത്രക്ക് അനുമതി. സ്വകാര്യ വാഹനങ്ങളിലെത്തി ബസ് ചെക്‌പോയിന്റുകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് സൗജന്യ ബസ് യാത്രാ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുക.

നഗരത്തിലേക്കും തിരിച്ചും ടോള്‍ നല്‍കികൊണ്ടുള്ള യാത്ര ഒഴിവാക്കാനുള്ള അവസരമാണ് ഇതിലൂടെ സ്വകാര്യ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഷഹാമയിലും അഞ്ഞൂറുവീതം പാര്‍ക്കിംഗ് സൗകര്യമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നഗരത്തിലേക്ക് വന്നുപോകുന്നവര്‍ക്ക് ടോള്‍ ഒഴിവാക്കി ഈ സ്ഥലങ്ങളില്‍ നിന്നുമുള്ള ബസുകളില്‍ യാത്രചെയ്യാം.
‘പാര്‍ക്ക് ആന്റ് റൈഡ്’ എന്നപേരില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഒരു ദിവസം 104, 411 എന്നിങ്ങനെ രണ്ട് സൗജന്യ സര്‍വീസാണ് അനുവദിക്കുക.