2020 | അവർ പടിയിറങ്ങിപ്പോയി, യാത്ര പറയാതെ

Posted on: December 31, 2020 3:06 pm | Last updated: December 31, 2020 at 4:23 pm


2020ൽ മരണത്തിലേക്ക് മറഞ്ഞ രാഷ്‌ട്രീയ- സാംസ്‌കാരിക രംഗത്തെ അതുല്യപ്രതിഭകൾ നിരവധി. ഇന്ത്യൻ സാഹിത്യ ലോകത്തിന് നഷ്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്. “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്നു പാടിയ മലയാളത്തിന്റെ മഹാകവി അക്കിത്തം മുതൽ നിശ്ശബ്ദ താഴ്‌വരയുടെ പ്രിയ കവയിത്രി സുഗതകുമാരി വരെ കാലയവനികക്കുള്ളിൽ മറഞ്ഞവരിൽ ഉൾപ്പെടുന്നു.

2019ലെ ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു അക്കിത്തത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. എഴുത്തുകാരനും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്ന യു എ ഖാദർ, നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ബി ഹരികുമാർ, ബാല സാഹിത്യകാരനായിരുന്ന മുഹമ്മ രമണൻ, തമിഴിലെ ആധുനിക സാഹിത്യകാരന്മാരിൽ ഒരാളായ നോവലിസ്റ്റ്, നിരൂപകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന കന്തസ്വാമി, കൈതോല പായ വിരിച്ച് എന്ന നാടൻ പാട്ടിലൂടെ മലയാളി മനസ്സ് കീഴടക്കിയ ജിതേഷ് കക്കിടിപ്പുറം, ഇന്ത്യൻ നൃത്തചരിത്രകാരനും പണ്ഡിതനും നിരൂപകനുമായിരുന്ന ഡോ. സുനിൽ കോത്താരി എന്നിവരെല്ലാം ഈ വർഷം ലോകത്തോട് വിടപറഞ്ഞ സാഹിത്യ പ്രതിഭകളാണ്.

ഇന്ത്യൻ സിനിമാ ലോകത്തെ സംഗീത വിസ്മയമായിരുന്ന എസ് പി ബി എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം, മലയാള സിനിമക്ക് അനശ്വരങ്ങളായ ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ, ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ വെള്ളിവെളിച്ചത്തിലെത്തിയ കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി, വില്ലനായും സ്വഭാവനടനായും പ്രേക്ഷകമനസ്സിൽ ഇടം നേടിയ അനിൽ മുരളി, ചലച്ചിത്രതാരം ശശി കലിംഗ, സംവിധാന ശൈലി കൊണ്ടും എഴുത്തുകൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ സൂഫിയുടെയും സുജാതയുടെയും കഥപറഞ്ഞ സംവിധായകൻ ഷാനവാസ് നരണിപ്പുഴ, നടൻ അനിൽ നെടുമങ്ങാട്.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത്, ഇർഫാൻ ഖാൻ, ഋഷി കപൂർ, ആസിഫ് ബസ്ര, സൗമിത്ര ചാറ്റർജി എന്നിങ്ങനെ നീളുന്നു യാത്ര പറയാതെ പടിയിറങ്ങിപ്പോയ പ്രതിഭകൾ.
സാഹിത്യ- സാംസ്‌കാരിക രംഗത്തെന്ന പോലെ രാഷ്ട്രീയ മേഖലക്കും കനത്ത നഷ്ടം വരുത്തിയാണ് 2020 പിൻവാങ്ങുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയുമായ പ്രണാബ് മുഖർജി കൊവിഡിന് കീഴടങ്ങിയത് ആഗസ്റ്റിൽ 84ാം വയസ്സിലായിരുന്നു.
മോദി സർക്കാറിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാനെ കൊവിഡ് കവർന്നെടുത്തു. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന അഹ്‌മദ് പട്ടേൽ നവംബറിലാണ് അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അവയവങ്ങളെല്ലാം പ്രവർത്തനരഹിതമായതാണ് മരണകാരണം. അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ്, സമാജ്‌വാദി പാർട്ടി നേതാവും രാജ്യ സഭാ എം പിയുമായ അമർ സിംഗ്, മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ടൻ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി മോത്തിലാൽ വോറ എന്നിവരും വിടവാങ്ങിയവരിൽ ഉൾപ്പെടുന്നു.

കോൺഗ്രസ് നേതാവ് എം കമലത്തിന്റെ മരണം ഈ വർഷത്തിന്റെ തുടക്കത്തിലായിരുന്നു. മുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ, മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എം എൽ എയുമായ സി എഫ് തോമസ്, മുസ്‌ലിം ലീഗ് നേതാവ് സി മോയിൻ കുട്ടി, 14ാമത് കേരള നിയമസഭാംഗമായിരുന്ന എൻ വിജയൻ പിള്ള എന്നിവരും കാലയവനികക്കുള്ളിൽ മറഞ്ഞു.

ALSO READ  2020 - 'ആപ്പി'ലായ വർഷം

ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്ന സ്വാമി അഗ്‌നിവേശ്, ഓക്സിജനില്ലാതെ എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കി ലോക റെക്കോർഡിനുടമയായ ആംങ് റിത ഷെർപ്പ, നാഗാലാൻഡ് ഗവർണറും സി ബി ഐ മുൻ തലവനുമായിരുന്ന അശ്വിനി കുമാർ, പ്രമുഖ നാടക പ്രവർത്തകനായ ഇബ്റാഹീം അൽ ഖാസിം, ഗവേഷകനും എഴുത്തുകാരനും സമുദ്ര ശാസ്ത്രജ്ഞനും കാലിക്കറ്റ് സർവകലാശാല മുൻ വി സിയുമായിരുന്ന എൻ പി ഉമർകുട്ടി, കേരളത്തിന്റെ ആക്ടിംഗ് ഗവർണറായിരുന്ന എച്ച് ആർ ഭരദ്വാജ്, കേരളീയ ചിത്രകാരനായ കെ ദാമോദരൻ, കൊമ്പ് വാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ, വയലിൻ വിദ്വാനായ പ്രൊഫ. ടി എൻ കൃഷ്ണൻ, പട്ടാളി മക്കൾ കക്ഷി നേതാവും വാജ്പയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായിരുന്ന ദലിത് ഏഴിൽമലൈ, ഫോട്ടോഗ്രാഫർ നിമായ് ഘോഷ്, ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് ജസ്‌രാജ്, മനഃശാസ്ത്ര ചികിത്സകനും പത്രാധിപരുമായിരുന്ന ഡോ. പി എം മാത്യു വെല്ലൂർ, തിരുവാതിരക്കളി കലാകാരി മാലതി ജി മോനോൻ തുടങ്ങിയവരും മറഞ്ഞു.