Connect with us

Kasargod

ഔഫ് വധം: പ്രതികൾക്ക് വേണ്ടി ഹാജരായി കോൺഗ്രസ് നേതാവ്, വക്കാലത്ത് ഒപ്പിട്ടുവാങ്ങിയത് ലീഗ് നേതാവ്

Published

|

Last Updated

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവർത്തകൻ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുർറഹ്‌മാൻ ഔഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് കോൺഗ്രസ് നേതാവ്. കോടതിയിൽ ഇവർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്യുന്നത് ലീഗ് നേതാക്കളാണ്. പ്രതികളെ സംരക്ഷിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്.

ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി നാരായണനാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളായ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായത്. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹിയും ലോയേഴ്സ് ഫോറം സംസ്ഥാന നേതാവുമായ അഡ്വ. എന്‍ എ ഖാലിദും ലോയേഴ്സ് ഫോറത്തിന്റെ മറ്റൊരു ജില്ലാ നേതാവുമാണ് പ്രതികളുടെ വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയതും ഒപ്പ് അറ്റസ്റ്റ് ചെയ്തതും. മൂന്ന് പ്രതികളെയും അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

പ്രതികളെ ലീഗ് സംരക്ഷിക്കില്ലെന്നും അവര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്തില്ലെന്നും മുനവറലി തങ്ങള്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിന് പിന്നാലെയാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള ലീഗ് നേതാക്കളുടെ പരസ്യ ഇടപെടല്‍. ഔഫിന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു മുനവ്വറലി തങ്ങൾ ഇക്കാര്യം അറിയിച്ചത്. ഔഫിന്റെ വീട് സന്ദർശിക്കാനെത്തിയ ലീഗ് നേതാക്കൾക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നിരുന്നത്. ഒടുവിൽ മുനവ്വറലി തങ്ങളെ മാത്രമാണ് ബന്ധുക്കളെ കാണാൻ അനുവദിച്ചത്.

കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരെയാണ് പിടികൂടിയത്. മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിരുന്നു. എം എസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്‍. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഔഫിന് കുത്തേല്‍ക്കുന്നത്.

പ്രധാന സാക്ഷികളുടെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ക്രൈം ബ്രാഞ്ച് കണ്ണൂർ യൂനിറ്റ് എസ് പി. കെ കെ മൊയ്തീൻകുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ കാസർകോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത്.

കൊല്ലപ്പെട്ട ഔഫിന്റെ സുഹൃത്ത് ശുഹൈബ് അടക്കമുള്ള സാക്ഷികളാണ് മൊഴി നൽകിയത്. ഔഫും ശുഹൈബും ബൈക്കിൽ കല്ലൂരാവിയിലേക്ക് പോകുമ്പോഴാണ് യൂത്ത് ലീഗ് നേതാവ് ഇർശാദിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തിയത്. ഔഫിനെ ലീഗ് അക്രമികൾ മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുന്നത് ശുഹൈബ് നേരിൽ കണ്ടിരുന്നു. കൊല നടന്ന മുണ്ടത്തോട്- ബാവനഗർ റോഡിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.