Connect with us

National

സഭാ തര്‍ക്കം; പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച പൂര്‍ത്തിയായി, ശ്രീധരന്‍ പിള്ളക്കും മുരളീധരനും തുടര്‍ ചര്‍ച്ചക്ക് ചുമതല

Published

|

Last Updated

ന്യൂഡല്‍ഹി | ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരെ പ്രധാന മന്ത്രി ചുമതലപ്പെടുത്തി. ഭൂരിപക്ഷ വിഭാഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയാണെന്ന് യാക്കോബായ പ്രതിനിധികള്‍ പ്രധാന മന്ത്രിയെ ധരിപ്പിച്ചു. കോടതി വിധികളിലെ നീതി നിഷേധം ചര്‍ച്ചയാക്കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടതായി പ്രതിനിധികള്‍ പറഞ്ഞു. പ്രധാന മന്ത്രിയുടെത് തുറന്ന സമീപനമാണ്. തുല്യനീതി കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കോടതി വിധിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലെന്നാണ് ഓര്‍ത്തഡോക്‌സുകാരുടെ പക്ഷം.

സഭാ തര്‍ക്കം നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നടത്തിയ അവകാശ സംരക്ഷണ യാത്ര സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. വിശ്വാസികള്‍ ഒപ്പുവച്ച ഭീമഹരജി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കാനും ജനുവരി ഒന്നിന് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനും സഭ തീരുമാനിച്ചിട്ടുണ്ട്.

പ്രധാന മന്ത്രി ഇടപെടുന്നതില്‍ അസ്വാഭാവികതയില്ല: മുഖ്യമന്ത്രി
പ്രശ്‌നത്തില്‍ പ്രധാന മന്ത്രി ഇടപെടുന്നതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ് സഭാ തര്‍ക്കം. അത് പരിഹരിക്കാന്‍ പ്രധാന മന്ത്രി ഇടപെടുന്നത് നല്ല കാര്യമാണെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ കേരള പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

Latest