Kerala
നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ കുതിക്കുന്നത് ആത്മവിശ്വാസത്തോടെ: മുഖ്യമന്ത്രി

തൃശൂര്‍ | നാടിന്റെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ വിവിധ തലങ്ങളില്‍ നിന്നുള്ളവിരില്‍ നിന്ന് ശേഖരിക്കാനാണ് കേരള പര്യടനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം സര്‍ക്കാറിനും എല്‍ ഡി എഫനും നിലവിലുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ ഇതിന് കൂടുതല്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂരിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
എല്‍ ഡി എഫിന്റെ അടുത്ത പ്രകടന പത്രികയില്‍ ഇത്തരം സന്ദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തും. നേരത്തെ ഇത്തരത്തിലായിരുന്നു എല്‍ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ആ പ്രകടന പത്രിക യാഥാര്‍ഥ്യമാക്കിയ സര്‍ക്കാറാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും കേരളത്തിന്റെ വികസനം മുന്‍നിര്‍ത്തി ക്രിയാത്മകമായാണ് പ്രതികരിച്ചത്. എല്ലാ ജില്ലയിലും നടന്ന ചര്‍ച്ചകളില്‍ വലിയ തോതിലുള്ള പങ്കാളിത്തമുണ്ടായി. കേരളത്തിന്റെ സമഗ്ര വികസനത്തിന് നിര്‍ദേശങ്ങളുണ്ടായി. കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം രംഗത്ത് നിരവധി ആശയങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി മുന്‍ഗണനാ ക്രമത്തില്‍ കര്‍മ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ രംഗത്തെ വികസന നിര്‍ദേശങ്ങളാണ് പ്രധാനമായും എല്ലാ ജില്ലയില്‍ നിന്നും ഉയര്‍ന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാറില്‍ വിശ്വാസമുണ്ട്. വിവിധ രംഗത്തുള്ളവര്‍ ഇക്കാര്യം ചര്‍ച്ചയില്‍ തുറന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നേതാക്കളെ എന്തുകൊണ്ട് വിവിധ ജില്ലകളിലെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ ഇത്തരം ചര്‍ച്ചക്ക് പറ്റിയവരല്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ആത്മഹ്യ ചെയ്ത ദമ്പതികളുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും. ദൗര്‍ബാഗ്യകരമായ സംഭവമാണുണ്ടായത്. അരുടെ കുട്ടികള്‍ വീടുവെച്ച് നല്‍കും. അവരുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
മാണി സി കാപ്പന്‍ പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന പി ജെ ജോസഫിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.