Connect with us

Editorial

എത്രകാലം കണ്ടില്ലെന്ന് നടിക്കാം കര്‍ഷകരെ?

Published

|

Last Updated

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നേരത്തേ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്ത സമരമുറയായിരുന്നു പാത്രം കൊട്ടല്‍. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ അതേസമരമുറയാണ് കര്‍ഷകര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്ത് നടക്കുന്ന നേരത്തായിരുന്നു കര്‍ഷകരുടെ പാത്രം കൊട്ടി പ്രതിഷേധം. മന്‍ കി ബാത്ത് ആരംഭിച്ചതു മുതല്‍ അവസാനിക്കുന്നതു വരെ പാത്രം കൊട്ടലും മോദിക്കെതിരായ മുദ്രാവാക്യങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധിച്ചു. പലയിടങ്ങളിലും കര്‍ഷകര്‍ സംഘടിച്ചെത്തിയാണ് പാത്രം കൊട്ടിയത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ വീടുകളില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

അനുദിനം ശക്തിപ്പെടുകയാണ് കര്‍ഷക സമരം. കുത്തകകളെ ലക്ഷ്യമാക്കി കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ ഉഴലുകയാണ് കേന്ദ്രം. ഒരു വര്‍ഷമെങ്കിലും ഇതൊന്ന് നടപ്പാക്കാന്‍ അനുവദിക്കൂ എന്ന് കേണപേക്ഷിക്കേണ്ടി വന്നു സര്‍ക്കാറിന്. അഞ്ചാഴ്ച പിന്നിട്ട കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ അവസാന മന്‍ കി ബാത്ത് അവതരിപ്പിച്ചത്. എന്നാല്‍ കര്‍ഷക പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവും അതിലുണ്ടായില്ല. കൊവിഡും പുതിയ വര്‍ഷവും ആത്മനിര്‍ഭര്‍ ഭാരതുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. കര്‍ഷക പ്രക്ഷോഭം തനിക്കൊരു വിഷയമേ അല്ലെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍. കര്‍ഷക സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധഭാവത്തില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക ആത്മഹത്യകള്‍ക്കു നേരേ അദ്ദേഹം മുഖം തിരിക്കുകയാണ്. സമരമുഖത്ത് രണ്ടാഴ്ചക്കിടെ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. “രാജ്യത്തെ സാധാരണക്കാരന്റെയും കര്‍ഷകരുടെയും ക്ഷേമത്തിനും ജീവതാഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് മോദി സര്‍ക്കാറിനെ ജനം അധികാരത്തിലേറ്റിയത്. എന്നാല്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പറേറ്റുകളുടെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. കര്‍ഷകരെ വഞ്ചിക്കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങളെ”ന്നും ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് ഞായറാഴ്ച പഞ്ചാബിലെ ജലാലാബാദില്‍ നിന്നെത്തിയ അമര്‍ജിത് സിംഗ് സമരമുഖത്ത് ജീവനൊടുക്കിയത്.
സര്‍ക്കാറും ബി ജെ പി നേതൃത്വവും അവകാശപ്പെടുന്നത് പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്നാണ്. അതേസമയം, കര്‍ഷക മേഖലയില്‍ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധിയും കോടിക്കണക്കിന് ചെറുകിട കര്‍ഷകര്‍ക്ക് വരുത്തി വെക്കുന്ന ദുരിതവും കണ്ടറിഞ്ഞ് ഘടക കക്ഷികള്‍ ഒന്നൊന്നായി എന്‍ ഡി എയുമായി വിടപറഞ്ഞു കൊണ്ടിരിക്കുന്നു. “രാജ്യത്തെ കര്‍ഷകരുടെ മാനത്തേക്കാള്‍ വലുതല്ല ഞങ്ങള്‍ക്ക് മറ്റൊന്നും” എന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ ഡി എയുമായി വിടപറഞ്ഞത് രണ്ട് ദിവസം മുമ്പാണ്. എന്‍ ഡി എ ഘടക കക്ഷിയായ ശിരോമണി അകാലിദള്‍ കര്‍ഷക സമരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുന്നണി വിടുകയും പാര്‍ട്ടി അംഗമായ ഹര്‍സിമത് കൗര്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ബി ജെ പിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട് മോദിയുടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ. ബി ജെ പി മുന്‍ ലോക്‌സഭാ എം പി ഹരീന്ദര്‍ സിംഗ് ഖല്‍സ, പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഇതേചൊല്ലി ബി ജെ പി വിടുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുത്തു വരികയും ചെയ്യുന്നു. എന്നിട്ടും വീണ്ടുവിചാരമില്ല മോദിക്കും കൂട്ടര്‍ക്കും.
ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി നോക്കാം. കര്‍ഷകര്‍ക്ക് ദോഷകരമെന്നു കണ്ടാല്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ ഭേദഗതികളും വരുത്തുകയും ചെയ്യാമെന്നാണ് മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത്. ഒരു കെണിയാണ് അദ്ദേഹം മുന്നോട്ടുവെച്ച ഈ നിര്‍ദേശം. മന്ത്രിയുടെ വാക്കുകള്‍ കേട്ട് നിയമം പ്രായോഗിക തലത്തില്‍ നടപ്പാക്കാന്‍ കര്‍ഷക സംഘടനകള്‍ സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നീട് അത് പിന്‍വലിക്കുക പ്രയാസമാണ്. ഒരുപക്ഷേ, കര്‍ഷകരെ ആശ്വസിപ്പിക്കാനായി ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ചെറുകിട കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ തന്ത്രപരമായി മരവിപ്പിച്ചെന്നും വരാം. ക്രമേണ അത് നടപ്പാക്കി തുടങ്ങുകയും കര്‍ഷകര്‍ വെട്ടിലാകുകയും ചെയ്യും.

കര്‍ഷക സംഘടനാ നേതാക്കള്‍ ചില ഉപാധികളോടെ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാസ്സാക്കുക, വായു മലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികള്‍ക്കുള്ള ഓര്‍ഡിനന്‍സ് പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുക, കര്‍ഷകര്‍ക്കുള്ള വൈദ്യുതി സബ്‌സിഡി തുടരുക തുടങ്ങിയ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന ഉപാധിയോടെയാണ് നേതാക്കള്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. സര്‍ക്കാര്‍ മനസ്സു വെച്ചാല്‍ സമരം അവസാനിപ്പിക്കാനാകും. എന്തുവന്നാലും നിയമം നടപ്പാക്കുമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ പൂര്‍വോപരി ശക്തമായ സമരമുറകളാണ് വരും ദിവസങ്ങളിൽ അരങ്ങേറാനിരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ മാസങ്ങളോളം സമരം തുടരാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. ഇന്ന് ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ നാളെ കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്താനും തീരുമാനമുണ്ട്. പ്രശ്‌നം പരിഹൃതമാകുന്നതു വരെ ഹരിയാനയിലെ ടോള്‍പ്ലാസകളില്‍ വാഹനങ്ങള്‍ സൗജന്യമായി കടത്തിവിടുന്ന സമരമുറ തുടരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Latest