Saudi Arabia
വിമാന യാത്രാ നിരോധനം : സഊദിയിലേക്കുള്ള മടക്കയാത്രക്കായി ദുബൈയില്‍ കഴിയുന്ന പ്രവാസികള്‍ ആശങ്കയില്‍

ജിദ്ദ | ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോക രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തയോടെ സഊദി അറേബ്യയിലേക്കുള്ള വിദേശ വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടിയതോടെ സഊദിയിലേക്കുള്ള തിരിച്ച് വരവിനായി ദുബൈയില്‍ കഴിയുന്നവര്‍ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും
നിലവില്‍ ദുബൈയില്‍ കഴിയുന്നവരില്‍ അധിക പേരും ഒരു മാസത്തേക്കുള്ള വിസിറ്റിംഗ് വിസയില്‍ എത്തിയവരാണ് .ഇവരില്‍ പലരുടെയും വിസാകാലാവധി തീര്‍ന്നിരിക്കുകയാണ്. സഊദി അറേബ്യ ഒരാഴ്ചത്തെ യാത്ര വിലക്കാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയതെങ്കിലും, ഞായറാഴ്ച വീണ്ടും യാത്രാ വിലക്ക് ദീര്‍ഘിപ്പിച്ചതാണ് പ്രവാസികളെ അനിശ്ചിതത്വത്തിലാക്കിയത്
കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ 2020 മാര്‍ച്ചിലായിരുന്നു ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് . ഇതോടെ സഊദിയിലേക്ക് മടങ്ങാനായി മുപ്പത് ദിവസത്തെ സന്ദര്‍ശന വിസ പാക്കേജില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ദിവസത്തേക്കുള്ള താമസം, ഭക്ഷണം, വിമാന ടിക്കറ്റ്, കോവിഡ് ടെസ്റ്റ് എന്നീ ചെലവുകള്‍ ഉള്‍പ്പെട്ട വിവിധ പാക്കേജുകളിലാണ് ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സികള്‍ 60,000 മുതല്‍ 75,000 രൂപ വരെ ഈടാക്കി സഊദിയില്‍ എത്തിച്ചിരുന്നത്. നിലവില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഇത് വഴി യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത് . നാട്ടിലേക്ക് തിരിക്കുന്നതിന് പണമില്ലാതെ കഴിയുന്നവരും ഏറെയാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടല്‍ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ദുബൈയില്‍ കഴിയുന്നവര്‍
യാത്രാ നിരോധനം അനിശ്ചിതത്വം ബാക്കി
ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് കണ്ടെത്തിയ പാശ്ചാത്തലത്തില്‍ മുന്കരുതല്‍ നടപടികളുടെ ഭാഗമായാണ് സഊദി അറേബ്യയിലേക്ക് കര,വ്യോമ, നാവിക അതിര്‍ത്തികള്‍ വഴിയുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് വീണ്ടും ദീര്‍ഘിപ്പിക്കുന്നതെന്നും സഊദിയില്‍ നിന്നും വിദേശികള്‍ക്ക് മടക്ക യാത്രക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്നതിന്റെ ഭാഗമായാണ് നിയന്ത്രണം