Kerala
വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭാര്യയും മരിച്ചു

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു.
നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പോലീസും എത്തിയപ്പോഴായിരുന്നു രാജന്റെയും അമ്പിളിയുടേയും ആത്മഹത്യാശ്രമം.