Connect with us

National

ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് അവകാശമുണ്ട്; മിശ്രവിവാഹിതര്‍ക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതി വിധി

Published

|

Last Updated

ലക്‌നോ | പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചുവെന്ന ഭര്‍ത്താവിനെതിരെയുള്ള പെണ്‍കുട്ടിയുടെ പിതാവിന്റെ എഫ് ഐ ആര്‍ കോടതി റദ്ദാക്കി. ഉത്തര്‍ പ്രദേശില്‍ മിശ്രവിവാഹിതരെ കുരുക്കാനുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ വിധി.

മൂന്നാം കക്ഷിയുടെ നിയന്ത്രണമോ തടസ്സമോ കൂടാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടില്‍ തിരിച്ചെത്തുന്നത് വരെ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇറ്റ ജില്ലയിലെ സല്‍മാനെതിരെ സെപ്തംബറിലാണ് ഭാര്യ ശിഖയുടെ പിതാവ് കേസ് നല്‍കിയത്. ശിഖയുടെ സംരക്ഷണം ശിശു ക്ഷേമ കമ്മിറ്റി ഏറ്റെടുക്കണമെന്ന ജില്ലാ കോടതിയുടെ വിധിക്കെതിരെയും അപേക്ഷ കൂടാതെ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയ ശിശുക്ഷേമ കമ്മിറ്റിയുടെ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശമാണ് ഹൈക്കോടതി നടത്തിയത്.