Connect with us

Kannur

കണ്ണൂരില്‍ ഡെപ്യൂട്ടി മേയറെ ചൊല്ലി ലീഗില്‍ പൊട്ടിത്തെറി; നേതാക്കളുടെ കാറുകള്‍ തടഞ്ഞു, രാജി

Published

|

Last Updated

ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദിന്റെ കാർ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കെട്ടിയ നിലയിൽ

കണ്ണൂര്‍ | കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി കെ ഷബീന ടീച്ചറെ തിരഞ്ഞെടുത്തതിനെതിരെ കണ്ണൂരിലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ് തുടങ്ങിയവരുടെ കാറുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കുഞ്ഞുമുഹമ്മദിന്റെ കാറില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു.

യൂത്ത് ലീഗ് കണ്ണൂര്‍ മേഖല ജന. സെക്രട്ടറി റാശിദ് തായത്തെരു രാജിവെച്ചിട്ടുമുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റ് രണ്ട് പേരെ തള്ളിയാണ് ഷബീ‌നയെ കഴിഞ്ഞ ദിവസം രാത്രി മുന്നണി തിരഞ്ഞെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യു ഡി എഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുല്‍ ഖാദര്‍ മൗലവിയെ 15 മിനുട്ടോളം തടഞ്ഞു.

“ജനാധിപത്യം പാലിച്ചില്ല. കോണ്‍ഗ്രസില്‍ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല” എന്നും അവര്‍ ആരോപിച്ചു. ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുള്‍ ഖാദര്‍ മൗലവിയെന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇന്ന് രാവിലെയും നേതാക്കളുടെ കാറിന് മുന്നില്‍ കുത്തിയിരുന്ന് യൂത്ത് ലീഗ് നേതാക്കള്‍ പ്രതിഷേധിച്ചു. റാശിദ് തായത്തെരുവാണ് കാറിന് മുന്നില്‍ കുത്തിയിരുന്നത്.

Latest