Connect with us

Articles

വിഭജനത്തിനെതിരെ ജനവിധി

Published

|

Last Updated

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രദേശമാണ് ജമ്മു-കാശ്മീർ. പാകിസ്ഥാനുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് മുസ്‌ലിം ന്യൂനപക്ഷമാണ് ബഹുഭൂരിപക്ഷവും. 1776-ൽ ജമ്മു-കാശ്മീർ അഫ്ഗാൻ ആധിപത്യത്തിലായെങ്കിലും 1819ൽ സിക്കുരാഷ്ട്രത്തിന്റെ ഭാഗമായി. പിന്നീട് ഭാഗികമായി ബ്രിട്ടീഷ് അധീനതയിലായി. 1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാതെ സ്വതന്ത്രമായി നിന്നു. പിന്നീട് പാകിസ്ഥാന്റെ ആക്രമണത്തെതുടർന്ന് കാശ്മീർ രാജാവ് ഇന്ത്യൻ യൂനിയനിൽ ചേരാൻ തീരുമാനിക്കുകയാണുണ്ടായത്.

ജമ്മു-കാശ്മീർ ഇന്ത്യയോടൊപ്പം നിൽക്കുന്നതിന് ചില പ്രത്യേക അധികാര-അവകാശങ്ങൾ കൊടുക്കുവാൻ ഭരണഘടന നിർമ്മാണസഭ തീരുമാനിക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 അതിന്റെ ഭാഗമായിട്ടുള്ളതാണ്. ആർട്ടിക്കിൾ 370-ൽ ഇപ്രകാരം പറയുന്നു : (1) ഈ ഭരണഘടനയിൽ എന്തുതന്നെ അടങ്ങിയിരുന്നാലും (എ) ആർട്ടിക്കിൾ 238-ലെ വ്യവസ്ഥകൾ ജമ്മു കാശ്മീർ സംസ്ഥാനത്തിന് ബാധകമാകുന്നതല്ല; (ബി) മേൽപറഞ്ഞ സംസ്ഥാനത്തിനുവേണ്ടി നിയമമുണ്ടാക്കാനുള്ള പാർലിമെന്റിന്റെ അധികാരം- (1) ആ സംസ്ഥാനത്തെ സർക്കാറിനോട് ആലോചിച്ച് ഇന്ത്യ ഡൊമിനിയൻ ആ സംസ്ഥാനം ചേരുന്നതിനെ സംബന്ധിച്ചുളള പ്രവേശന പ്രമാണത്തിൽ ആ സംസ്ഥാനത്തിനു വേണ്ടി ഡൊമിനിയൻ നിയമനിർമാണ മണ്ഡലത്തിന് നിയമമുണ്ടാക്കാവുന്ന വിഷയങ്ങളാണെന്ന് നിർദേശിച്ചിട്ടുള്ള വിഷയങ്ങളുടെ സ്ഥാനത്തുള്ളതെന്ന് രാഷ്ട്രപതി പ്രഖ്യാപിക്കുന്ന യൂനിയൻ പട്ടികയിലും സമാവർത്തി പട്ടികയിലുമുള്ള വിഷയങ്ങളും; (2) ആ സംസ്ഥാനത്തെ സർക്കാറിന്റെ സമ്മതത്തോടുകൂടി, രാഷ്ട്രപതി ഉത്തരവ് വഴി നിർദേശിക്കുന്ന മേൽപറഞ്ഞ പട്ടികയിലെ മറ്റുവിഷയങ്ങളെ സംബന്ധിച്ചുമാത്രം ആയിരിക്കുന്നതാണ്.

സ്വന്തമായി നിയമനിർമ്മാണത്തിനുള്ള ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ അധികാരങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടനയിലെ വകുപ്പ് 370 എന്നുള്ളകാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റേയും ഭരണഘടനാ ശിൽപി ഡോ. അംബേദ്കറുടേയും നേതൃത്വത്തിലാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രപ്രാധാന്യമുള്ളതും ഐതിഹാസികവുമായ ഈ വകുപ്പിന്റെ കഥ കഴിക്കുകയാണ് മോദിസർക്കാർ ചെയ്തിരിക്കുന്നത്. ജനാധിപത്യവിരുദ്ധമായും ഭരണ ഘടനയെ വെറും നോക്കുകുത്തിയാക്കിയുമാണ് 2019ൽ ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത്. 2019 ഒക്‌ടോബർ 31നാണ് സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ട് ഔദ്യോഗികമായി ജമ്മുകാശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചത്. ബി ജെ പി ഒഴികെയുള്ള അവിടത്തെ എല്ലാ പാർട്ടികളും ഇതിനെതിരെ അന്നു മുതൽ പ്രക്ഷോഭത്തിലാണ്. കാശ്മീരിലെ പ്രമുഖ നേതാക്കളിൽ പലരേയും അനിശ്ചിതകാലത്തേക്ക് അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു.

എന്തായാലും ജമ്മു കാശ്മീരിൽ ജില്ലാവികസന കൗൺസിലിലേക്ക് (ഡി ഡി സി) തിരഞ്ഞെടുപ്പ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. തങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയായിരക്കണം ഇതിനുകാരണം. ജമ്മുകാശ്മീർ നിയമസഭയുടെ അഭാവത്തിൽ ജില്ലാ വികസന കൗൺസിലുകലാണ് എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടിന്റെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും ഈ കൗൺസിലുകളാണ്. എന്നാൽ, ഭരണകക്ഷിയുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിലുള്ള ഗുപ്കർ മുന്നണി ഭൂരിപക്ഷം സീറ്റുകളിലും വിജയം കൊയ്തിരിക്കുകയാണ്.
നാഷനൽ കോൺഫറൻസ്, പി ഡി പി, സി പി എം, സി പി ഐ, ജമ്മു കാശ്മീർ പീപ്പിൾസ് കോൺഫറൻസ്, അവാമി

നാഷനൽ കോൺഫറൻസ്, പീപ്പിൾസ് മൂവ്‌മെന്റ് എന്നീ പാർട്ടികളാണ് ഗുപ്്കാർ സഖ്യത്തിലെ ഘടകകക്ഷികൾ. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടുതന്നെയാണ് ഈ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടതും. ആദ്യം ഈ സഖ്യത്തിൽ ചേരാൻ കോൺഗ്രസ് തയ്യാറായെങ്കിലും പിന്നീട് പിന്തിരിഞ്ഞു. കോൺഗ്രസ് കൂടി ഈ മുന്നണിയുടെ ഭാഗമായെങ്കിൽ കൂടുതൽ നേട്ടം കൊയ്യാൻ ഈ സഖ്യത്തിന് സാധിക്കുമായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. ജില്ലാ വികസനകൗൺസിൽ തിരഞ്ഞെടുപ്പിൽ 20 ജില്ലകളിൽ 13 എണ്ണവും പിടിച്ച് ഗുപ്കാർ സഖ്യവും കോൺഗ്രസും ശക്തി തെളിയിച്ചു. ബി ജെ പി ആറ് ജില്ലകളിലാണ് വിജയിച്ചത്. ബി ജെ പി പിടിച്ച ജില്ലകളെല്ലാം ജമ്മു മേഖലയിലുമാണ്. ഓരോ ജില്ലയിലും 14 സീറ്റുകൾ വീതം തിരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആകെ 280 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ 278 സീറ്റുകളിലും ഫലം പ്രഖ്യാപിച്ചു. രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളിൽ ചിലർ പാക് അധീന കാശ്മീരിൽ നിന്നുള്ളവരായതിനാൽ വോട്ടെണ്ണൽ വൈകി. ഗുപ്കാർ സഖ്യം നേടിയ 110 സീറ്റുകളിൽ നാഷനൽ കോൺഫറൻസ് 67 സീറ്റുകളിലും പി ഡി പി 27 സീറ്റുകളിലും പീപ്പിൾസ് കോൺഫറൻസ് എട്ട് സീറ്റുകളിലും, സി പി എം അഞ്ച് സീറ്റുകളിലും പീപ്പിൾസ് മൂവുമെന്റ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. നേരിട്ട് സഖ്യത്തിന്റെ ഭാഗമാകാതിരുന്ന കോൺഗ്രസ്് 26 സീറ്റുകളിലാണ് വിജയിച്ചത്. ബി ജെ പിക്ക് ആകെ 75 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ 72 സീറ്റുകളും ബി ജെ പിയുടെ ശക്തികേന്ദ്രമായ ജമ്മുവിലാണ്.

കാശ്മീർ മേഖലയിലെ ശ്രീനഗർ, ബന്ദിപുര, പുൽവാമ മേഖലകളിൽ ഓരോ സീറ്റുകളിലും ബി ജെ പി വിജയിച്ചു. അതേസമയം ജമ്മു മേഖലയിൽ നാഷണൽ കോൺഫറൻസ് 25 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് 10 സീറ്റിലും പി ഡി പി ഒരു സീറ്റിലും ജമ്മുമേഖലയിൽ വിജയിച്ചിട്ടുണ്ട്. ഗുപ്കാർ സഖ്യം ആകെ 35 സീറ്റുകളാണ് ജമ്മുമേഖലയിൽ നേടിയത്. പുതുതായി രൂപീകരിച്ച അപ്‌നി പാർട്ടി കാശ്മീർ മേഖലയിൽ ഒൻപത് സീറ്റിലും ജമ്മുവിൽ മൂന്ന് സീറ്റിലും വിജയിച്ചു. 49 സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്. ഇതിൽ 27 എണ്ണം കാശ്മീരിലും ബാക്കി ജമ്മുവിലുമാണ്. കാശ്മീരിലെ കുപ്പുവാർ, ബഡ്ഗാം, പുൽവാമ, അനന്തനാഥ്, കുൽഗാം, ഗന്തേർബാൽ എന്നീ ജില്ലകളിലാണ് ഗുപ്കാർ സഖ്യം ഭൂരിപക്ഷം നേടിയത്. ബാരാമുള്ള, ഷോപ്പിയാൻ, ബന്ദിപുര ജില്ലകളിൽ ഭൂരപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ട്. 280 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക് 4200 സ്ഥാനാർഥികളാണ് മത്സരിച്ചത്. നവം. 28 മുതൽ ഡിസംബർ 19 വരെ എട്ട് ഘട്ടങ്ങളിലായാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.

ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധ സ്വരമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പറഞ്ഞു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും വരെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി ഡി പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുക്തി പറഞ്ഞു. ഈ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിയെ ശരിക്കും തുറന്നുകാട്ടിയെന്നും അവർ ചൂണ്ടിക്കാട്ടി. ഈ തിരഞ്ഞെടുപ്പിലെ ഗുപ്കാർ മുന്നണിയുടെ വിജയം ജമ്മു-കാശ്മീർ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്നുള്ളതിന്റെ പ്രഖ്യാപനമാണ്. ജനങ്ങളിൽ നിന്ന് കവർന്നെടുത്ത ഭരണഘടനാ അവകാശങ്ങൾ തിരിച്ചുകിട്ടുന്നതിന് വേണ്ടി അവർ ശക്തമായി പോരാടുമെന്നുള്ളതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവിയും കാശ്മീർ വിഭജനവും ജനങ്ങൾ അംഗീകരിച്ചു എന്ന നിലയിലുള്ള പ്രചരണമാണ് മോദി സർക്കാർ രാജ്യത്തിനകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം ഈ പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിരിക്കുകയാണ്. ജമ്മുവിലും ഗുപ്കർ സഖ്യവും പാന്തേഴ്‌സ് പാർട്ടിയും കോൺഗ്രസും ബി എസ് പിയും സ്വതന്ത്രരുമെല്ലാം നിരവധി സീറ്റുകളിൽ ജയിച്ചിട്ടുണ്ട്. ബി ജെ പിയുടെ കോട്ടയായ ജമ്മുവിലും മറ്റുപാർട്ടികൾക്കുള്ള സ്വാധീനം ഈ തിരഞ്ഞെടുപ്പ് വിളിച്ചറിയിക്കുന്നുണ്ട്.

ഒരു ജനതയെ അവരുടെ വായ് മൂടിക്കെട്ടിയും ഭീക്ഷണിപ്പെടുത്തിയും വരുതിക്കുനിർത്താൻ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സ്വാതന്ത്യത്തിനും ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുംവേണ്ടി പോരടിക്കുന്ന കാശ്മീർ ജനത ഒരിക്കലും ഈ ഭീക്ഷണിയെ അംഗീകരിക്കുമെന്നും തോന്നുന്നില്ല. നമ്മുടെ ഭരണഘടനയുടെ 370-ാം വകുപ്പ് ഭേദഗതിചെയ്യുന്നതിനോ നീക്കം ചെയ്യുന്നതിനോ ജമ്മു-കാശ്മീർ ഭരണഘടനാ നിർമ്മാണ സമിതിയുടെ അംഗീകാരം വേണമെന്ന ഭരണഘടനാ നിബന്ധനയാണ് മോദി സർക്കാർ ബോധപൂർവം വിസ്മിരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം പാർലമെന്റ് ആർട്ടിക്കിൾ 37 റദ്ദ് ചെയ്യുന്ന സമയത്ത് ജമ്മു-കാശ്മീരിൽ ഒരു നിയമസഭ ഉണ്ടായിരുന്നില്ലെന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഈ സമയത്തെ ആർട്ടിക്കിൾ 370 എടുത്തുകളയൽ അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമായ നടപടി തന്നെയാണ്. രാജ്യത്തെ പരമോന്നത നിയമത്തിന്റെ (ഭരണഘടനയുടെ) നഗ്നമായ ലംഘനമാണ് ഇതിൽ കൂടി മോദി സർക്കാർ നടത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 370ഉം ആർട്ടിക്കിൾ 35 (എ)യും നീക്കം ചെയ്തതോടുകൂടി ജമ്മു-കാശ്മീരിനുണ്ടായിരുന്ന എല്ലാ പ്രത്യേക അധികാര അവകാശങ്ങളും ആ സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഈ സംസ്ഥാനം വെട്ടിമുറിക്കപ്പെട്ടതോടുകൂടി ആ പ്രദേശത്തിന്റെ ഐഡന്റിറ്റി തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനെതിരായിട്ടുള്ള ഏറ്റവും ശക്തമായ ജനവികാരം തന്നെയാണ് ജില്ലാ വികസനകൗൺസിൽ തിരഞ്ഞെടുപ്പിൽ അവിടത്തെ വോട്ടർമാർ പ്രകടിപ്പിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ നിന്ന് പാഠം പഠിക്കുവാൻ ഈ വൈകിയവേളയിലെങ്കിലും കേന്ദ്രഭരണകൂടം തയ്യാറാകുമെങ്കിൽ അത് രാജ്യത്തിനും ജമ്മു-കാശ്മീരിനും എന്തുകൊണ്ടും ഗുണകരമായിരിക്കും.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest