Connect with us

Ongoing News

പത്തനംതിട്ടയിലെ നഗരസഭകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ അനശ്ചിതത്വം തുടരുന്നു

Published

|

Last Updated

പത്തനംതിട്ട | ജില്ലയിൽ നഗരസഭ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളെച്ചൊല്ലി മുന്നണികളില്‍ ചര്‍ച്ച തുടരുന്നു. നാല് നഗരസഭകളില്‍ ഒരിടത്തുപോലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ എല്‍ ഡി എഫിനോ യു ഡി എഫിനോ ആയിട്ടില്ല. പന്തളത്ത് എന്‍ ഡി എ സഖ്യമാണ് ഭരണത്തിലെത്തുന്നത്. അടൂരില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. തിരുവല്ലയിലും പത്തനംതിട്ടയിലും എല്‍ ഡി എഫും യു ഡി എഫും അംഗബലത്തില്‍ മുന്നിലെത്താനുള്ള ശ്രമത്തിലുമാണ്.

അടൂരില്‍ സി പി ഐയിലെ ഡി സജിയെയാകും എല്‍ ഡി എഫ് മുന്നിൽ നിർത്തുക. 28 അംഗ കൗണ്‍സിലില്‍ 14 പേരുടെ പിന്തുണ എല്‍ ഡി എഫിനുണ്ട്. ബി ജെ പി അംഗം വിട്ടുനിന്നാല്‍ മറുപക്ഷത്ത് അംഗബലം 13 ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ബി ജെ പി അംഗത്തിന്റെ പിന്തുണ വാങ്ങി ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കാൻ സ്വതന്ത്ര കൗണ്‍സിലര്‍ ആലോചിക്കുന്നുണ്ട്. പന്തളത്തെ ബി ജെ പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ചെയര്‍മാന്‍ സ്ഥാനം ജനറലാണ്. ന്യൂനപക്ഷാംഗം, പിന്നോക്ക സമുദായംഗം എന്നിവരില്‍ ഒരാളെ അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് നടക്കുന്നത്. വനിതകളാണ് കൂടുതല്‍ ജയിച്ചിട്ടുള്ളതിനാല്‍ പാര്‍ട്ടി അംഗമായ വനിതയെ അധ്യക്ഷയാക്കാനും ആലോചനയുണ്ട്.

തിരുവല്ലയില്‍ ഭൂരിപക്ഷമായില്ലെങ്കിലും എല്ലാവര്‍ക്കും അധ്യക്ഷ പദവി വേണം

തിരുവല്ല: നഗരസഭാധ്യക്ഷ സ്ഥാനത്ത് യു ഡി എഫില്‍ കോണ്‍ഗ്രസിന് ആദ്യ രണ്ടര വര്‍ഷം നല്‍കാന്‍ ധാരണ. പിന്നീടുള്ള രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് ജോസഫിനാണ്. അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. എന്നാല്‍ തിരുവല്ലയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ യു ഡി എഫിനായിട്ടില്ല.

39 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് 16 പേരുടെ പിന്തുണയാണുള്ളത്. എല്‍ ഡി എഫില്‍ 14 പേരുണ്ട്. യു ഡി എഫില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളും ജോസഫ് വിഭാഗത്തിന് അഞ്ചു പേരുമുണ്ട്. കോണ്‍ഗ്രസില്‍ അഞ്ച് വനിതകളാണുള്ളത്. ഇതില്‍ നാലുപേരും ആദ്യ ടേമില്‍ തന്നെ അധ്യക്ഷ പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

ശോഭ വിനു, ബിന്ദു ജയകുമാര്‍, സാറാമ്മ ഫ്രാന്‍സിസ്, അനു ജോര്‍ജ് എന്നിവരാണ് രംഗത്തുള്ള വനിതകള്‍. ഏഴംഗങ്ങളുള്ള ബി ജെ പി അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളില്‍ മത്സരിക്കും. എല്‍ ഡി എഫും മത്സരരംഗത്തുണ്ടാകും. ഒരു എസ് ഡി പി ഐ അംഗവും കൗണ്‍സിലിലുണ്ട്.

പത്തനംതിട്ടയില്‍ അജിത് കുമാറിനെ കേന്ദ്രീകരിച്ച്
വീണ്ടും ചര്‍ച്ചകള്‍
പത്തനംതിട്ട: നഗരസഭയില്‍ ആര് ചെയര്‍മാനുമാകുമെന്നതില്‍ തീരുമാനമായിട്ടില്ല. സ്വതന്ത്രാംഗം കെ ആര്‍  അജിത് കുമാര്‍ കഴിഞ്ഞ ദിവസം എല്‍ ഡി എഫിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ചില നാടകീയ നീക്കങ്ങള്‍ നടന്നതായി സൂചനയുണ്ട്. ഇതനുസരിച്ച് അജിത് കുമാറിന് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള നീക്കത്തിനാണ് പ്രധാനം.

ഇതിന് പിന്നില്‍ യു ഡി എഫിലെ ഉന്നത ഇടപെടലുകളുണ്ട്. എല്‍ ഡി എഫ് മുന്‍ നഗരസഭാ ചെയര്‍മാനും ജില്ലാ സമിതിയംഗവുമായ ടി സക്കീര്‍ ഹുസൈനെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിപ്പിക്കും. യു ഡി എഫിന്റെ നിലപാട് വ്യക്തമായിട്ടില്ല. അജിത് കുമാറിനെ ചെയര്‍മാനും സ്വതന്ത്ര വനിതകളില്‍ ഒരാളെ ഉപാധ്യക്ഷയുമാക്കിയുള്ള നീക്കം മറുപക്ഷം നടത്തിയേക്കാം.

32 അംഗ കൗണ്‍സിലില്‍ യു ഡി എഫിനും എല്‍ ഡി എഫിനും 13 വീതം അഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര അംഗം ഉള്‍പ്പടെ നാല് എസ് ഡി പി ഐ അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് നിര്‍ണായകം. ഇതില്‍ എസ് ഡി പി ഐയുടെ പരസ്യ പിന്തുണ യു ഡി എഫോ എല്‍ ഡി എഫോ തേടില്ലെന്നുറപ്പായി. എന്നാല്‍ എസ് ഡി പി ഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗത്തിലെയും സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

സ്വതന്ത്രര്‍ മൂന്നുപേരും കോണ്‍ഗ്രസ് വിമതരായി വിജയിച്ചെത്തിയവരാണ്. ഇവരില്‍ ആമിന ഹൈദരാലി എസ് ഡി പി ഐ നിലപാടിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അജിത് കുമാര്‍, ഇന്ദിരാമണിയമ്മ എന്നീ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം. ഇവരെ മുന്‍നിര്‍ത്തിയുള്ള ചരടുവലികളാണ് നടക്കുന്നത്. സ്വതന്ത്രരെ അധ്യക്ഷ സ്ഥാനത്തെത്തിച്ചുള്ള ഭരണം വേണ്ടെന്ന നിലപാടാണ് എല്‍ ഡി എഫിനുള്ളത്. എന്നാല്‍ നഗരസഭ ഭരണം പിടിച്ചെടുക്കണമെന്നാവശ്യം എല്‍ ഡി എഫില്‍ മറ്റൊരു വിഭാഗത്തിനുമുണ്ട്.

Latest