National
നിതീഷ് കുമാറിന് തിരിച്ചടി; അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

പട്നാ | അരുണാചല്‍ പ്രദേശില്‍ നിതീഷ്‌കുമാറിന് കനത്ത തിരിച്ചടി നല്‍കി ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ ജെഡിയുവിന് ഒറ്റ എംഎല്‍എയായി ചുരുങ്ങി.
ജെഡിയു എം.എല്‍.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്തതിന് ഇവരില്‍ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജെഡിയുവിന്റെ ആറ് എംഎല്‍മാരും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗവും ബിജെപിയില്‍ ചേര്‍ന്നതോടെ സഭയില്‍ ബിജെപിയുടെ അംഗബലം 48 ആയി ഉയര്‍ന്നു. അരുണാചലില്‍ ജെ.ഡി.യു പ്രതിപക്ഷത്താണെങ്കിലും ബി ജെ പിയെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നു. ബിജെപി വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് ജെഡിയുവിന്റെ വിലയിരുത്തല്‍.
ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ ഡി യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിച്ചത്.