Connect with us

Kasargod

ഔഫ് വധം: മുഖ്യപ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കാസര്‍കോട് | എസ് വൈ എസ് പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ മുസ്ലിം ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇര്‍ഷാദിനെ നീക്കിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് നടപടി. ഔഫ് വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഔഫിന്റെ നെഞ്ചില്‍ കഠാര കുത്തിയറിക്കിയത് താനാണെന്ന് ഇര്‍ഷാദ് പോലീസിനോട് സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടതെന്ന് കാസര്‍കോട് എസ് പി. ഡി ശില്‍പ അറിയിച്ചു. ഔഫ് വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും എസ് പി വ്യക്തമാക്കി.

ഇര്‍ഷാദ് ഇപ്പോള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ പോലീസ് നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇര്‍ഷാദിന് കാര്യമായ പരിക്കുകള്‍ ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇര്‍ഷാദിന്റെ സുഹൃത്തുക്കളും ലീഗ് പ്രവര്‍ത്തകരുമായ മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസല്‍ എന്നിവരും കൊലയാളി സംഘത്തിലുണ്ട്. ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഔഫിന്റെ സുഹൃത്ത് ഷുഐബ് തിരിച്ചറിഞ്ഞിരുന്നു.