Connect with us

Articles

അഭയ കേസ് വഴികാട്ടിയാകുമോ?

Published

|

Last Updated

വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്ന ചൊല്ല് സത്യമാണ്. എന്നാല്‍ സ്വര്‍ണപ്പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരുമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് അഭയ കേസില്‍ ഉണ്ടായ വിധി. 1992 മാര്‍ച്ച് 27നാണ് അഭയ എന്ന 19 വയസ്സുകാരി കന്യാസ്ത്രീ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചു കിടക്കുന്നതായി കാണുന്നത്. ഇത് കേവലം ഒരു ആത്മഹത്യ മാത്രമാക്കി മാറ്റാന്‍ സംസ്ഥാന പോലീസിലെ ക്രൈം ബ്രാഞ്ചിന് താത്പര്യമുണ്ടായത് സ്വാഭാവികം. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു മതസ്ഥാപനത്തിന് കളങ്കം വരുന്ന ഒന്നും ചെയ്യാന്‍ കേരളത്തിലെ ഒരു സര്‍ക്കാറും തയ്യാറാകുകയില്ലല്ലോ. നീതിക്കും സത്യത്തിനും മേലെയാണല്ലോ അധികാരവും സമ്മര്‍ദവുമെല്ലാം. കേരളത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ നടന്ന സ്ത്രീപീഡന കൊലപാതക കേസുകളില്‍ ഒന്നില്‍ പോലും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതായി ആരും വിശ്വസിക്കുന്നില്ല. സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയാകും ഒരു അപവാദം. അത് തന്നെ ഇത്ര പരസ്യമായി നടന്ന ഒരു പീഡനവും കൊലപാതകവുമാണ്. ജിഷാ കേസില്‍ ശിക്ഷിക്കപ്പെട്ട അസമുകാരന്‍ യഥാര്‍ഥ പ്രതിയല്ലെന്ന് നാട്ടുകാര്‍ മുഴുവനും വിശ്വസിക്കുന്നു.

മരണത്തിന് ഒരു മണിക്കൂര്‍ മുമ്പ് താഴെ വെള്ളമെടുക്കാന്‍ പോയ സിസ്റ്റര്‍ അഭയ ഒരിക്കലും ആത്മഹത്യക്ക് മുതിരില്ലെന്ന് അവരെ അറിയുന്ന എല്ലാവരും ആവര്‍ത്തിക്കുന്നു. എങ്കില്‍ പിന്നെ ഈ കൊലക്കു പിന്നില്‍ ആര് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായി ഈ കേസ് സി ബി ഐ ഏറ്റെടുക്കുന്നു. സമര്‍ഥനായ ഒരു മലയാളി ഉദ്യോഗസ്ഥനായ വര്‍ഗീസ് പി തോമസ് നടത്തിയ അന്വേഷണത്തില്‍ 1993 ഏപ്രില്‍ 30 ആയപ്പോഴേക്കും കുറ്റവാളികള്‍ ആരെന്നു കണ്ടെത്തി. പക്ഷേ, കേസില്‍ അട്ടിമറി നടത്താനും പ്രതികളെ രക്ഷിക്കാനും വേണ്ടി ശക്തമായ സമ്മര്‍ദം ഉണ്ടായപ്പോള്‍ അദ്ദേഹത്തിന് രാജിവെച്ച് പോകേണ്ടി വന്നു. അങ്ങനെ ഒരിക്കലും തെളിയാത്ത കേസുകളില്‍ ഒന്നായി ഇത് മാറുമെന്ന അവസ്ഥയായി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ചിലരെ ദൈവം നിയോഗിക്കും എന്ന് മതവിശ്വാസികള്‍ പറയാറുണ്ട്. ഇവിടെ അത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന പൊതു പ്രവര്‍ത്തകന്റെ രൂപത്തിലാണ് വന്നത്. കഴിഞ്ഞ 28 വര്‍ഷങ്ങളായി എല്ലാവിധ എതിര്‍പ്പുകളെയും ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ചുകൊണ്ട് അദ്ദേഹം നടത്തിയ നിയമപോരാട്ടമാണ് ഈ വിധിയുടെ കാരണം എന്ന് നിസ്സംശയം പറയാം.
മറ്റു പലരെയും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കൊലപാതകമെന്ന് മൃതദേഹ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും ഫാദറിന്റെ സ്‌കൂട്ടര്‍ മഠത്തിനു പുറത്തിരിക്കുന്നതായി കണ്ടു എന്ന അയല്‍വാസിയുടെ മൊഴിയും കേസിനു കരുത്തായി (അയാള്‍ പിന്നീട് മൊഴി മാറ്റി എങ്കിലും). കോണ്‍വെന്റിലെ വളര്‍ത്തുനായകള്‍ കുരക്കാതിരുന്നത് ഫാദര്‍ അവിടെ നിരന്തരം വരുന്ന ആളായതുകൊണ്ടാകാം എന്ന് കോടതി നിരീക്ഷിച്ചു. അടുക്കള താറുമാറായി കിടന്നിരുന്നു എന്നുള്ള അന്തേവാസികളുടെ മൊഴികളും അഭയയുടെ കുപ്പി, ചെരുപ്പ് മുതലായവ ചിതറിക്കിടക്കുന്നത് കണ്ടു എന്ന സിസ്റ്റര്‍ ഷേര്‍ളിയുടെ മൊഴിയും കൊലപാതകമെന്ന വാദത്തെ ബലപ്പെടുത്തി. എന്നാല്‍ ഇവരെക്കാളെല്ലാം മീതെ ഒരാളുണ്ട്. ഇപ്പോള്‍ പൊതു സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ദരിദ്രനായ രാജു എന്നയാളാണത്. ഒരു കോളനിയില്‍ കേവലം മൂന്ന് സെന്റ് ഭൂമിയിലെ വീട്ടില്‍ കഴിയുന്ന അദ്ദേഹത്തിന്റെ തൊഴില്‍ മോഷണമാണെന്ന് പറയുന്നു. അടയ്ക്ക രാജു എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം തന്റെ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കേസിലെ പ്രതികളില്‍ ഒരാളായ ഫാദര്‍ തോമസ് കോട്ടൂരിനെയും കന്യാസ്ത്രീയെയും രാത്രി കോണ്‍വെന്റില്‍ കണ്ടു എന്നും ആ കന്യാസ്ത്രീ സെഫിയാണെന്നുമുള്ള മൊഴിയാണ് കേസില്‍ ഏറ്റവും നിര്‍ണായകവുമായത്. അസമയത്ത് എന്തിന് ഫാദര്‍ അവിടെ എത്തി എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഏറെ സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടും പണത്തിന് അത്രയേറെ ആവശ്യങ്ങള്‍ ഉണ്ടായിട്ടും ഇക്കാലമത്രയും മൊഴിമാറ്റാന്‍ തയ്യാറാകാതെ നിന്ന രാജു തന്നെയാണ് താരം. ഒപ്പം പൊതു പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും നിര്‍ണായകമായി. കേസില്‍ തങ്ങള്‍ക്കനുകൂലമായി പ്രചാരണം നടത്താന്‍ ഫാദര്‍ കോട്ടൂര്‍ ആവശ്യപ്പെട്ടത് ഇദ്ദേഹത്തോടായിരുന്നു. അഭയയുടെ അടുത്ത സഹ പ്രവര്‍ത്തകരടക്കം എട്ട് സാക്ഷികള്‍ കൂറുമാറിയെന്ന വസ്തുതയും ഓര്‍ക്കുക. ഇതില്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴി മാറ്റിയ ഒരു സാക്ഷിക്കെതിരെ സി ബി ഐ തന്നെ കേസ് എടുത്തിട്ടുമുണ്ട്.

അഭയക്ക് മനോരോഗമുണ്ട്, പരീക്ഷ തോറ്റ ദുഃഖത്തില്‍ ആത്മഹത്യ ചെയ്തതാണ് എന്നും മറ്റുമുള്ള വാദങ്ങള്‍ക്ക് ഒരു പിന്‍ബലവും ഉണ്ടായില്ല. എന്നിട്ടും 1996 ഡിസംബറില്‍ സി ബി ഐ കണ്ടെത്തിയത് അഭയയുടേത് കൊലപാതകം ആണെങ്കിലും കേസില്‍ തെളിവില്ല എന്നാണ്. മൂന്ന് തവണ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി. 2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തു. ആ കുറ്റപത്രത്തില്‍ പ്രതിയായിരുന്ന, ആദ്യ ഘട്ടത്തില്‍ കേസ് അന്വേഷിച്ച അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു.പിന്നീട് സിനിമകളിലെല്ലാം പ്രശസ്തമായ ഡമ്മി പരീക്ഷണം മുതല്‍ ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റ് മുതലായ ആധുനിക സങ്കേതങ്ങളും സി ബി ഐ പ്രയോജനപ്പെടുത്തി. അഭയയുടെ പിതാവ് തോമസ് ഈ വിധി കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ അഭയയുടെ ലോകത്തേക്ക് യാത്രയായി.

എന്താണ് അഭയ കേസിലെ വിധി നല്‍കുന്ന സൂചനകള്‍? എത്ര സ്വാധീനമുണ്ടായാലും ഒരു അന്വേഷണ ഏജന്‍സിക്ക് അവസരം ലഭിച്ചാല്‍, അവര്‍ അതുപയോഗിച്ച് ഏത് ക്രിമിനല്‍ കേസും തെളിയിക്കും എന്നതാണതില്‍ ഒന്ന്. ഇതേ വഴി കാത്ത് മറ്റു നിരവധി കേസുകള്‍ ഉണ്ട്. അവക്കൊക്കെ അല്‍പ്പം പ്രതീക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. സി ബി ഐ തന്നെ അന്വേഷിക്കുന്ന കവിയൂര്‍, കിളിരൂര്‍ കേസുകള്‍ ഒരു ഉദാഹരണം മാത്രം. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി കൊലചെയ്യപ്പെട്ട കേസില്‍ ഇപ്പോഴും ഒന്നും ആയിട്ടില്ല. വിദഗ്ധമായി അട്ടിമറിക്കപ്പെട്ട മറ്റൊരു കേസ് വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടതാണ്. അതിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതില്‍ നിന്ന് തന്നെ അന്വേഷണം എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് വ്യക്തം. അഭയ കേസ് ഒരു ആത്മഹത്യ മാത്രമാക്കാന്‍ നിരവധി പേര്‍ ശ്രമിച്ചു. അതില്‍ പ്രധാനിയായിരുന്നു ക്രൈം ബ്രാഞ്ചിലെ എസ് പി ആയ കെ ടി മൈക്കിള്‍. കേസ് അന്വേഷിച്ചിരുന്ന കാലത്ത് അദ്ദേഹം 1994ല്‍ ഏഷ്യാനെറ്റിന് നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ വൈറലായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇരുട്ടിനെ ഭയന്ന് മാനസികാരോഗ്യ തകരാറുണ്ടായിരുന്ന അഭയ തപ്പിത്തടഞ്ഞു പോയി കിണറ്റില്‍ ചാടുകയായിരുന്നു എന്നാണ് ഇദ്ദേഹം കണ്ടെത്തിയത്. ഇതിനു സമാനമാണ് വാളയാര്‍ കേസ് അട്ടിമറിച്ച ഡി വൈ എസ് പി സോജന്‍ നല്‍കിയ വിശദീകരണവും. എട്ടും പതിനൊന്നും വയസ്സായ രണ്ട് പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക വേഴ്ചക്ക് തയ്യാറായി എന്നാണ് ടിയാന്റെ പ്രഖ്യാപനം. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവളുടെ സമ്മതത്തോടെ ആണെങ്കില്‍ പോലും കുറ്റകൃത്യമാണെന്ന് കണക്കാക്കുന്ന ഒരു നിയമം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെ പരസ്യമായി പറയുന്ന ഒരു ഉദ്യോഗസ്ഥന്‍ വാളയാര്‍ കേസ് അന്വേഷിച്ചാല്‍ ഒരിക്കലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പല്ലേ. കെ ടി മൈക്കിള്‍ അന്ന് അഭയ കേസ് തുടര്‍ന്നും അന്വേഷിച്ചിരുന്നെങ്കില്‍ സോജന്‍ അന്വേഷിച്ച വാളയാര്‍ കേസ് പോലെ ആകുമായിരുന്നു. ഇത്തരം കേസുകളില്‍ ഇനിയെങ്കിലും സര്‍ക്കാറുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Latest