National
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞു; പ്രിയങ്ക കസ്റ്റഡിയില്‍

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹിയില്‍ പോലീസ് തടഞ്ഞു. കോണഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും കര്‍ഷകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ചിന് നേരത്തെ പോലീസ് അനുമതി നിഷേധിച്ചുന്നു. മൂന്ന് പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാന്‍ അനുമതി നല്‍കിയിരുന്നത്.
അതിനിടെ, രാഹുല്‍ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് കോടി കര്‍ഷകര്‍ ഒപ്പുവെച്ച നിവേദനം അദ്ദേഹം രാഷ്ട്രപതിക്ക് നല്‍കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങാന്‍ പോകുന്നില്ലെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ഈ നിയമങ്ങള്‍ പിന്‍വലിക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാരിനെതിരായ ഏത് വിയോജിപ്പിനെയും ഭീകരതയായാണ് കാണുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കൃഷിക്കാര്‍ക്ക് പിന്തുണ അറിയിക്കുന്നതിനാണ് തങ്ങള്‍ ഈ മാര്‍ച്ച് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.