Kerala
പരിസ്ഥിതിയുടെ ജൈവതാളം കണ്ടെത്തിയ കവയത്രി

കോഴിക്കോട് ഏഴുത്തും ചിന്തകളും പ്രകൃതി സംരക്ഷണത്തിനായി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു സുഗതകുമാരി ടീച്ചറുടേത്. പ്രകൃതി സ്‌നേഹിയായ ആക്ടിവിസ്റ്റ് എന്നതിനപ്പുറം ഒരമ്മയുടെ വേവലാതിയോടെയാണ് അവര്‍ മുറിവേറ്റ മലകള്‍ക്കും മുറിച്ചുനീക്കപ്പെട്ട മരങ്ങള്‍ക്കും വേണ്ടി ശബ്ദിച്ചത്. ഈ പരിസ്ഥിതി സ്‌നേഹം തന്നെയാണ് ടീച്ചറെ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളിയാക്കി മാറ്റിയത്. ഇവിടത്തെ കുന്നുകളും മരങ്ങളും പുഴകളുമെല്ലാം നമ്മുടെ നാടിന്റെ സമ്പത്താണെന്ന് ടീച്ചര്‍ വിളിച്ച് പറഞ്ഞു. ഭൂമിയിലെ പുല്ലും പുഴുവും പൊടിയുറുമ്പും മുതല്‍ കുന്നും മലയും മരവും മനുഷ്യനുമെല്ലാമുള്ള കരുതല്‍ ടീച്ചറുടെ കവിതകളിലുണ്ടായിരുന്നു.
പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് ടീച്ചര്‍ നിരന്തരം പൊതുസമൂഹത്തെ ഉണര്‍ത്തി. മലനിരകളിലെ കാട് വെട്ടിവെളുപ്പിക്കുന്നതും തീയിട്ടുചുടുന്നതും കണ്ടു വേദനിച്ചു. മുറിവേറ്റ മലകള്‍ക്കും മുറിച്ചുനീക്കപ്പെട്ട മരങ്ങള്‍ക്കും വേണ്ടി ഒച്ച ഉയര്‍ത്തി. കേരളത്തില്‍ സൈലന്റ് വാലി പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍ എഴുത്തുകാരായ അയ്യപ്പപ്പണിക്കര്‍, ഒ എന്‍ വി എന്നിവര്‍ക്കൊപ്പം ടീച്ചറും പങ്കാളികളായി. “മരക്കവികള്‍” എന്ന വിളിച്ച് ചിലര്‍ പരിഹസിച്ചപ്പോള്‍ ഭൂമിക്ക് മനുഷ്യനെപ്പോലെ പ്രധാനമാണ് മരങ്ങളുമെന്ന തിരിച്ചറിവില്‍ ആ വിളിയെ അംഗീകാരമായാണ് ടീച്ചര്‍ സ്വീകരിച്ചത്. എതിര്‍പ്പുകള്‍ അവരുടെ പ്രയ്തനത്തിന് കൂടുതല്‍ ഊര്‍ജമേകി.
എവിടെയെല്ലാം പ്രകൃതിക്ക് നേരെ കൈയേറ്റമുണ്ടായപ്പോള്‍ അവിടെയെല്ലാം ടീച്ചര്‍ ഓടിയെത്തി. അതിരപ്പിള്ളി പദ്ധതിക്കെതിരെയും അട്ടപ്പാടിയിലെ കഞ്ചാവ് കൃഷിക്കെതിരെയും പാലക്കാട്ട് ഒലിപ്പാറയിലെ മരംവെട്ടിനെതിരെയും ആറന്മുള വിമാനത്താവളത്തിനെതിരെയുമൊക്കെ ടീച്ചര്‍ തന്നാലാവുന്ന രീതിയില്‍ പ്രതിരോധം തീര്‍ത്തു. പലപ്പോഴും വികസനവിരോധിയെന്ന് ആക്ഷേപിക്കപ്പെട്ടു. ഒലിപ്പാറയില്‍ മരംവെട്ടു തടയാനെത്തിയപ്പോള്‍ മാരകായുധങ്ങളുമായി വളഞ്ഞ അക്രമികള്‍ സമരസംഘത്തിലുള്ളവരെ മര്‍ദിച്ചു. എന്നിട്ടും സുഗതകുമാരി പിന്നോട്ടു പോയില്ല. മനുഷ്യനോടു മാത്രമല്ല, മണ്ണിനോടും പ്രകൃതിയോടും കരുണയുള്ളവരാകണമെന്ന് നിരന്തരം നമ്മെ ഉണര്‍ത്തിയാണ് ടീച്ചര്‍ കടന്നുപോകുന്നത്.