Kerala
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന്

മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തുന്നതിനായുള്ള മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ പോറലേറ്റില്ലെങ്കിലും മുന്നണിക്കേറ്റ കനത്ത തോല്‍വി പ്രധാന ചര്‍ച്ചയാകും. ഒപ്പം വെല്‍ഫെയര്‍ ബന്ധം മുന്നണിക്ക് തിരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച പ്രതിസന്ധിയും ചര്‍ച്ചയാകും.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് പാര്‍ട്ടിയുടെ മതേതര മുഖം നഷ്ട്ടപെടുത്തിയെന്ന വിലയിരുത്തല്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഇക്കാര്യം യോഗത്തില്‍ ഇവര്‍ ഉന്നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫ് തുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലീഗിനെ ആക്രമിച്ച് ഒരു രാഷ്ട്രീയ അജന്‍ഡ സെറ്റ് ചെയ്യാനുള്ള നീക്കം സര്‍ക്കാറും മുഖ്യമന്ത്രിയും നടത്തുന്നുണ്ട്്. ഇതിനെ പ്രതിരോധിക്കുക എന്നതും യോഗത്തിന്റെ പരിഗണനയിലുണ്ട്. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള നടപടികളും യോഗം ആവിഷ്‌ക്കരിക്കും.
മലപ്പുറം ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.