Kerala
ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ഇന്ന് ശിക്ഷ വിധിക്കും

തിരുവനന്തപുരം | സിസ്റ്റര്‍ അഭിയയെ കൊന്ന കേസിലെ പ്രതികളായി കോടതി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും സി ബി ഐ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിക്കും. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലക്കുറ്റമാണ് ഇരു പ്രതികളുടേയും മേല്‍ ചുമത്തിയിട്ടുള്ളത്. ഇതിനാല്‍ വധശിക്ഷയോ, ജീവപര്യന്തമോ ഇരുവര്‍ക്കും ലഭിച്ചേക്കും. ക്രൈസ്തവസഭയും നിയമപാലകരും അന്വേഷണ ഏജന്‍സികളും തെളിവുകള്‍ മായ്ച്ച് കുഴിച്ചുമൂടാന്‍ പലവട്ടം ശ്രമിച്ച കേസിലാണ് ഇന്നലെ ചരിത്രവിധിയുണ്ടായത്.
സഭയുടെ തിരുവസ്ത്രമണിഞ്ഞവര്‍ തന്നെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൈക്കോടാലി കൊണ്ട് തലയ്ക്കടിച്ച്, കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അഭയയ്ക്കും മകളുടെ ദുരൂഹമരണത്തിന്റെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ മരണമടഞ്ഞ പിതാവ് ഐക്കരക്കുന്നേല്‍ തോമസിനും മാതാവ് ലീലാമ്മയ്ക്കും മൂന്നു പതിറ്റാണ്ടോളം വൈകിക്കിട്ടുന്ന നീതി, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വാദ്ധ്യായം കൂടിയാകുന്നു.
രണ്ടു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം തെളിവു നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി സി.ബി.ഐ ജഡ്ജി കെ.സനില്‍കുമാര്‍ വ്യക്തമാക്കി. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതി ഫാ.തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ സി ബി ഐ അപ്പീല്‍ നല്‍കിയേക്കും.