Kerala
കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കായുള്ള പോസ്റ്റര്‍ യുദ്ധം തുടരുന്നു

തൃശൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിലെ നാണംകെടുത്തുന്ന തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ പോര് കൂടുതല്‍ തീവ്രമാകുന്നു. ഓരോ നേതാക്കളെയും അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയാണ്. ഏറ്റവും ഒടുവിലായി ഗുരുവായൂരിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരന് വേണ്ടിയാണ് പുതിയ പോസ്റ്ററുകള്‍. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലെ വാചകം. ഇതേ വാചകത്തോടെ നേരത്തെ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലും തൃശൂര്‍
നഗരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗുരുവായൂരില്‍ മൂന്നിടങ്ങളിലാണ് ഇന്നലെ മുരളീധരന് വേണ്ടിയുള്ള വലിയ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കിഴക്കേനട, പടിഞ്ഞാറേനട, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്. നേരത്തെ കെ സുധാകരന്‍ വേണ്ടി തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്തിന് മുമ്പിലും ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കണമെന്നായിരുന്നു ആവശ്യം.