Connect with us

Articles

വര്‍ഗീയത വേരിറക്കുമ്പോള്‍ തോല്‍ക്കുന്നതാര്?

Published

|

Last Updated

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍, പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളെ മറികടന്ന് വലിയ വിജയം നേടാനായെന്നത് സി പി എം നേതൃത്വം നല്‍കുന്ന ഇടത് ജനാധിപത്യ മുന്നണിക്കും പിണറായി വിജയന്‍ നയിക്കുന്ന അതിന്റെ സര്‍ക്കാറിനും നല്‍കുന്ന ഊര്‍ജം ചെറുതല്ല. പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ച വ്യാധികളെയും ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തി നേരിടാന്‍ കാണിച്ച മിടുക്കാണ് വിജയത്തിന് ആധാരമെന്ന് നിസ്സംശയം പറയാം. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളുടെ മനോവീര്യം നിലനിര്‍ത്തും വിധത്തിലും സാമ്പത്തിക പരാധീനതയെ മറികടക്കും വിധത്തിലും സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍, രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായത് തദ്ദേശ ഭരണ സ്ഥാപനങ്ങളായിരുന്നു. പ്രളയകാല ദുരിതാശ്വാസ ക്യാമ്പുകളായാലും കൊവിഡ് കാല സമൂഹ അടുക്കളകളായാലും. ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജനം ആദരിച്ചതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. റേഷന്‍ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്ത പലവ്യഞ്ജന കിറ്റുകള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷനുകളില്‍ വരുത്തിയ വര്‍ധന, പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയത് ഒക്കെ ജനങ്ങള്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ വലിയ ആശ്വാസമാണുണ്ടാക്കിയത്. അതും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വികാരമുണ്ടാക്കി. പൊതു വിദ്യാലയങ്ങളും പൊതു ആതുരാലയങ്ങളും മികച്ചതാകുന്നുവെന്നതും ജനങ്ങള്‍, അവരുടെ ജീവിതം കൊണ്ട് അറിയുന്ന കാര്യമാണ്. അതും ഇടത് മുന്നണിക്ക് ലഭിച്ച പിന്തുണക്ക് കാരണമായുണ്ട്.

സ്വര്‍ണക്കടത്തില്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ച കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസില്‍ ആരോപണ വിധേയരായവരുമായി സൗഹൃദമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതും മന്ത്രിമാരടക്കമുള്ളവരെ സംശയ നിഴലില്‍ നിര്‍ത്തും വിധത്തിലുള്ള കഥകള്‍ പ്രചരിപ്പിക്കപ്പെട്ടതും സര്‍ക്കാറിനെയും ഇടത് ജനാധിപത്യ മുന്നണിയെയും ചെറുതല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് അറസ്റ്റിലാകുകയും കോടിയേരിക്ക് സ്ഥാനത്തു നിന്ന് മാറിനില്‍ക്കേണ്ടി വരികയും ചെയ്തത് പുറമെ. രാഷ്ട്രീയ സുനാമി പോലെ ഒന്നിന് പിറകെ ഒന്നായി ആഞ്ഞടിച്ച ഇതിനെയൊക്കെ മറികടക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചുവെന്നത് രാഷ്ട്രീയ വിജയമായി തന്നെ കാണണം. പ്രത്യേകിച്ച് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഭാഗങ്ങളിലേക്ക് അവര്‍ നേടിയ വലിയ വിജയം കണക്കിലെടുക്കുമ്പോള്‍.

യു ഡി എഫാകട്ടെ, രാഷ്ട്രീയ ആരോപണങ്ങളുടെ കാറ്റുമാത്രം മതി ഇക്കുറി വിജയിക്കാനെന്ന ഉറച്ച ബോധ്യത്തിലായിരുന്നു. ആരോപണങ്ങളില്‍ ജനങ്ങളെ ബാധിക്കുന്ന എന്താണുള്ളതെന്ന ചോദ്യം അവരുടെ മുന്നില്‍ വന്നതേയില്ല. അവരുന്നയിച്ച ആരോപണങ്ങളില്‍ ചിലത്, പ്രത്യേകിച്ച് ലൈഫ് മിഷനെ കേന്ദ്രീകരിച്ചുള്ളത്, പാവപ്പെട്ട ജനങ്ങളുടെ പ്രതീക്ഷകളില്‍ കത്തിവെക്കുന്നതുമായി. ഒരു വര്‍ഷം മുമ്പ് തുടങ്ങുകയും തുടരുകയും ചെയ്യുന്ന പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം പ്രതിപക്ഷമായ യു ഡി എഫിന് ലഭിക്കാതെ പോയി. കൊവിഡിന്റെ വ്യാപനമുണ്ടാക്കിയ അസാധാരണ സാഹചര്യത്തില്‍ ഏത് വിധത്തിലാകണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമെന്നതിലൊരു മുന്‍ അനുഭവം പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമില്ലാത്തതും അവര്‍ക്ക് വിനയായി. സ്വര്‍ണക്കടത്ത് പോലുള്ള വിഷയങ്ങളില്‍ തെരുവിലെ പ്രതിഷേധത്തിന് അവര്‍ തയ്യാറായപ്പോള്‍, പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറുന്നുവെന്ന ആക്ഷേപത്തിന് വിധേയമാകുകയും ചെയ്തു. രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ ആ ആക്ഷേപത്തിന് വിശ്വാസമേറി. ഈ സാഹചര്യത്തിലും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും 2015ല്‍ നേടിയതിനടുത്ത് വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികളാരംഭിച്ച വേട്ടയും അവര്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കിയ പാതി വെന്ത വിവരങ്ങളെ അധികരിച്ച് ചമയ്ക്കപ്പെടുന്ന കഥകളും അതുണ്ടാക്കുന്ന സംശയത്തിന്റെ അന്തരീക്ഷവും മതിയാകും ചെറിയൊരു ചാട്ടത്തിന് എന്നാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി ജെ പി കരുതിയത്. കേരളത്തിലെ സര്‍ക്കാര്‍ നല്‍കുന്നതൊക്കെ കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യമാണെന്ന വ്യാജം വിളയുമെന്നും വിശ്വസിച്ചു. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട തികച്ചും പിന്തിരിപ്പനായ ചിന്തയുടെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് വോട്ടാകുമെന്നും കണക്കുകൂട്ടി. പാലക്കാട്ടും പന്തളത്തും ഭൂരിപക്ഷം കിട്ടിയെന്നതൊഴിച്ചാല്‍ ഫലത്തില്‍ വലിയ മെച്ചമുണ്ടായില്ല. ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ താഴേക്ക് പോകുകയും ചെയ്തു.
ഇത്രയും പറഞ്ഞത് തല്‍സ്ഥിതി. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നോക്കിയാല്‍ ഇടത്, ഐക്യ മുന്നണികള്‍ക്കും അവകള്‍ക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മിനും കോണ്‍ഗ്രസിനും ആപത്ശങ്ക സമ്മാനിക്കുന്നുണ്ട്. ഫലത്തില്‍ നേട്ടമുണ്ടാക്കിയില്ലെങ്കിലും ഹിന്ദുത്വ വര്‍ഗീയത വേരുകള്‍ ആഴ്ത്തുന്നുണ്ട് എന്നതാണത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇക്കുറി അധികാരത്തിലെത്തുമെന്നായിരുന്നു ബി ജെ പിയുടെ അവകാശവാദം. അത് നടന്നില്ലെങ്കിലും തുടര്‍ച്ചയായ രണ്ടാം വട്ടവും യു ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ അവര്‍ക്കായി. ബി ജെ പി ജയിച്ച വാര്‍ഡുകളില്‍ ഏതാണ്ടെല്ലാറ്റിലും യു ഡി എഫിന്റെ വോട്ട് വലിയ തോതില്‍ കുറഞ്ഞു. ഇതേ പ്രവണത കൊടുങ്ങല്ലൂര്‍, കുന്നംകുളം, വര്‍ക്കല തുടങ്ങി പല നഗരസഭകളിലും കാണാനാകും. നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിന്റെ കാല്‍ക്കീഴിലെ മണ്ണാണ്. സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമായതുകൊണ്ട് തന്നെ മണ്ണൊലിപ്പിന് ഇനിയും വേഗം കൂടാനാണ് സാധ്യത. ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സ്വാധീനവും ഇല്ലാതാകുന്നുവെന്ന സൂചന തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. അതുകൂടിയായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശിലെയോ ബിഹാറിലെയോ കോണ്‍ഗ്രസിന് സമാനമാകും. ഇപ്പോള്‍ ബി ജെ പിയിലേക്ക് ഒഴുകുന്ന വോട്ടുകള്‍ക്ക് പിറകെ കോണ്‍ഗ്രസിലെ പ്രവര്‍ത്തകരും നേതാക്കളും ബി ജെ പിയിലേക്ക് ഒഴുകും.

കൂടെ നില്‍ക്കുന്ന വിഭാഗങ്ങളില്‍ സംശയമുളവാക്കും വിധത്തിലുള്ള നീക്കുപോക്കുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായതിന്റെ ഫലം കൂടിയാണ് ക്രിസ്ത്യന്‍ വോട്ട് ബേങ്കിലുണ്ടായ വിള്ളല്‍. മുസ്‌ലിം ലീഗ് മുന്‍കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്ക് സത്യസന്ധമായി അംഗീകരിക്കുന്നതിന് പകരം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നിരന്തരം നടത്തി വോട്ടര്‍മാര്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല.

വലിയ വിജയം നേടുമ്പോഴും ബി ജെ പി വളര്‍ച്ച നേടുന്ന ഇടങ്ങളില്‍ അതിനെ തടയാന്‍ സി പി എമ്മിനും ഇടത് മുന്നണിക്കും സാധിക്കുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ബഹുദൂരം പിന്തള്ളിയ ബി ജെ പി, എല്‍ ഡി എഫിന് ഒരു സീറ്റ് മാത്രമാണ് പിറകില്‍ നില്‍ക്കുന്നത്. താഴെത്തട്ടില്‍ ശക്തമായ സംഘടനാ സംവിധാനമുണ്ടായിട്ടും ഹിന്ദുത്വ വര്‍ഗീയതയുടെ വളര്‍ച്ച തടയാന്‍ സാധിച്ചില്ല. പാലക്കാട്, പന്തളം നഗരസഭകളില്‍ ബി ജെ പി ഭൂരിപക്ഷം നേടുമ്പോഴും ഇതേ പ്രശ്‌നമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂര്‍ നഗരസഭ, സി പി എമ്മിന് ശക്തമായ വേരോട്ടമുള്ള ഇടമാണ്. അവിടെ കൂടുതല്‍ വാര്‍ഡുകളില്‍ വിജയിക്കാന്‍ ബി ജെ പിക്ക് സാധിച്ചുവെങ്കില്‍ അത് സി പി എമ്മിന്റെയും ഇടത് മുന്നണിയുടെയും പരാജയമായി തന്നെ കാണണം.

ഒരു തിരഞ്ഞെടുപ്പിലെ വിജയത്തിനോ പരാജയത്തിനോ അപ്പുറത്ത് മതനിരപേക്ഷ ജനാധിപത്യ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ ജനങ്ങളെ സജ്ജമാക്കുക എന്ന രാഷ്ട്രീയം പ്രധാനമാണ്. അവിടെയാണ് സ്വതേ ദുര്‍ബലമായ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നതും സി പി എമ്മിന്റെ സംഘടനാ ശക്തിക്ക് വര്‍ഗീയതയുടെ വളര്‍ച്ചയെ തടയാന്‍ കഴിയാതെ പോകുന്നതും ആപത്ശങ്കയാകുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest