Connect with us

Kerala

മുരളീധരനെയും സുധാകരനെയും അനുകൂലിച്ച് പോസ്റ്ററുകള്‍; കോണ്‍ഗ്രസില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

Published

|

Last Updated

തൃശൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കെ മുരളീധരന്‍ കെ പി സി സി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് എഴുതിയിരിക്കുന്നത്. പോസ്റ്ററിനടിയില്‍ തൃശൂര്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു കമ്മിറ്റി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആലപ്പുഴ ഡി സി സി പിരിച്ചുവിടണമെന്നും കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയില്‍ പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. സുധാകരന്റെ ചിത്രം പതിച്ചതാണ് ഇവ. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സുധാകരനെ വിളിക്കണമെന്നാണ് ആവശ്യം. കെ സുധാകരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കെ പി സി സി ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും പേരിലായിരുന്നു ബോര്‍ഡ് വച്ചത്. തിരുവനന്തപുരം ഡി സി സിയിലും ഇതേ ആവശ്യമുന്നയിച്ചുള്ള ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

അതിനിടെ, കോണ്‍ഗ്രസ് കനത്ത പരാജയമേറ്റു വാങ്ങിയ കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് പിന്നാലെ കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ശൂരനാട് രാജശേഖരന്‍ ആര്‍ എസ് എസ് റിക്രൂട്ടിംഗ് ഏജന്റാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍ എസ് എസിന് വിറ്റു തുലച്ച അദ്ദേഹത്തെ പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കൊല്ലം ഡി സി സി, ആര്‍ എസ് പി ഓഫീസുകള്‍ക്കു മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ നഗരത്തില്‍ ഇന്നലെ വ്യാപകമായി പോസ്റ്ററുകളുണ്ടായിരുന്നു. ബി ജെ പി ഏജന്റ് എന്ന് വിശേഷിപ്പിച്ചാണ് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചത്.